ശ്രീകണ്ഠപുരം: ഊരത്തൂർപറമ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങളോടൊപ്പം ലഭിച്ച വസ്ത്രങ്ങളിൽ രക്തക്കറയുള്ളതായി ഫോറൻസിക് റിപ്പോർട്ട്. പരിശോധന റിപ്പോർട്ട് ഫോറൻസിക് അധികൃതർ ഇരിക്കൂർ പോലീസിന് കൈമാറി. തലയോട്ടിയും എല്ലുകളും കീഴ്ത്താടി ഉൾപ്പെടുന്ന പല്ലുകളുമാണ് ഊരത്തൂർ പറമ്പിൽ നിന്ന് ആദ്യം ലഭിച്ചിരുന്നത്.
നാട്ടുകാരുടെ നേതൃത്വത്തിൽ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ബനിയനും ലുങ്കിയും സമീപത്ത് നിന്ന് ലഭിച്ചത്.
ഇതോടെ നേരത്തെ പ്രദേശത്ത് വാടകക്ക് താമസിച്ചിരുന്ന അസം സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. ക്വാറി-നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടെ സംഘം കഴിഞ്ഞ ജനുവരിയിലാണ് ഇവിടുന്ന് താമസം മാറിയത്
. ഇതിൽ ചിലർ നാട്ടിലെത്തിയെങ്കിലും തുടർന്ന് വിവരങ്ങൾ ലഭ്യമല്ലാത്തവരും ഉണ്ട്. ഇവരെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കാണാതായ അസം സ്വദേശികളുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധിക്കാനും അന്വേഷണ സംഘം ശ്രമം നടത്തുന്നുണ്ട്.22നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് മൃതദേഹ അവശിഷ്ടങ്ങളെന്നും മരണപ്പെട്ടിട്ട് ആറ് മാസത്തോളമായെന്നും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുളളിൽ പടിയൂർ പഞ്ചായത്തിൽ ഈ പ്രായത്തിലുള്ള സ്ത്രീകളാരും മരിച്ചിട്ടില്ലെന്നും കാണാതായിട്ടില്ലെന്നും പഞ്ചായത്ത് അധികൃതരും അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള കാണാതായ പരാതികൾ രണ്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഇരിക്കൂർ പോലീസ് സ്റ്റേഷനിലും ലഭിച്ചിരുന്നില്ല.
കണ്ണൂർ ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തിൽ കാണാതായ പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇരിക്കൂർ എസ്ഐ രജീഷ് തെരുവത്ത് പീടികയിൽ, എഎസ്ഐ ഇ.വി. അബ്ദുൾ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.