ശ്രീകണ്ഠപുരം(കണ്ണൂർ): ഊരത്തൂർപറമ്പിൽ നിന്ന് കണ്ടെത്തിയ തലയോട്ടി സ്ത്രീയുടേതാണെന്ന് മെഡിക്കൽ റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധന റിപ്പോർട്ട് ഫോറൻസിക് സർജൻ പി. ഗോപാലകൃഷ്ണ പിള്ള അന്വേഷണ ഉദ്യോഗസ്ഥനായ ഇരിക്കൂർ എസ്ഐ രജീഷിന് കൈമാറി.
22 നും 40നും ഇടയിൽ പ്രായമുള്ള സ്ത്രീയുടേതാണ് തലയോട്ടിയെന്നും മരണപ്പെട്ടിട്ട് ആറ് മാസത്തോളമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിഎൻഎ പരിശോധനക്കായി തലയോട്ടി അടുത്ത ദിവസം തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് കൊണ്ടുപോകും.
അതേസമയം ഊരത്തൂർ പറമ്പിൽ നിന്ന് എല്ലും കണ്ടെത്തി. ഇന്നലെ രാത്രി എട്ടോടെ സമീപവാസിയാണ് എല്ല് കണ്ടത്. നേരത്തെ തലയോട്ടി കണ്ടെത്തിയ ഊരത്തൂർ പിഎച്ച്സിക്ക് സമീപത്ത് നിന്ന് 100 മീറ്റർ അകലെ നിന്നാണ് എല്ല് ലഭിച്ചത്.
എല്ല് ഇരിക്കൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് ഊരത്തൂർ പിഎച്ച്സിക്ക് സമീപം ഊരത്തൂർ – കല്യാട് റോഡിൽ നിന്ന് 50 മീറ്റർ അകലെ വയലപ്രവൻ ഗംഗാധരന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്ന് തലയോട്ടി ലഭിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് എല്ലും ലഭിച്ചത്. പ്രദേശത്തെ ചെങ്കൽ ക്വാറിയിലെ മണ്ണ് നീക്കുന്നതിനിടെ സംസ്കരിച്ച തലയോട്ടി ഉയർന്ന് വന്നതാകാമെന്നാണ് പോലീസ് നിഗമനമെങ്കിലും അടുത്ത കാലത്തൊന്നും മൃതദേഹം ദഹിപ്പിക്കാതെ സംസ്കരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. എല്ല് കൂടി ലഭിച്ചതോടെ ഇന്ന് രാവിലെ 9 മുതൽ പോലീസും നാട്ടുകാരും സംയുക്തമായി പ്രദേശത്ത് തെരച്ചിൽ നടത്തി.