കൊല്ലം: തേവള്ളിയിൽ വിറകുപുരയിൽ മനുഷ്യതലയോട്ടിയും അസ്ഥികളും കണ്ടെത്തി. 35 പ്രായമുള്ള യുവതിയുടേതാകാമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ വിറകുപുര വൃത്തിയാക്കാൻ വന്നവരാണ് തേവള്ളി സ്വദേശിനി ഗിരിജയുടെ ഉടമസ്ഥയിലുള്ള പുരയിടത്തിലെ വിറകുപുരയിൽ തലയോട്ടി കണ്ടെത്തിയത്. സംഭവമറിഞ്ഞ് പോലീസെത്തി പരിശോധിച്ചതിനെ തുടർന്ന് വിറകിനടിയിൽ നിന്ന് നട്ടെല്ലിന്റെ ചിലഭാഗങ്ങളും കണ്ടെടുത്തു.
ഫോറൻസിക്് വിദഗ്ധർ നടത്തിയ പരിശോധനയിൽ 35 നും 40 നും ഇടയിൽ പ്രായമുള്ള യുവതിയുടേതാകാം തലയോട്ടി എന്നാണ് പ്രാഥമിക നിഗമനം. തലയോട്ടിയും അസ്ഥികളൂം ഡിഎൻഎ ഉൾപ്പടെ കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക്ക് ലാബിലേക്ക് അയച്ചു.
പുരയിടത്തിന്റെ ഉടമസ്ഥ ഗിരിജയുടെ ബന്ധു എംബിബിഎസിന് പഠിക്കുന്ന കാലത്ത് പഠനത്തിന്റെ ഭാഗമായി ഇവ മറ്റൊരു വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നും വിറകും മറ്റും അവിടെ നിന്ന് തലയോട്ടി കണ്ടെത്തിയ വിറകുപുരയിലേക്ക് മാറ്റിയപ്പോൾ ഉൾപെട്ടതാകാം എന്നാണ് ഗിരിജ സംശയം പ്രകടിപ്പിച്ചത്. സമീപ ഭാവിയിൽ കാണാതായവരുടേയും മറ്റും വിവരങ്ങൾ പോലീസ് ശേഖരിക്കും. വെസ്റ്റ് സിഐയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നു.