തലയോലപ്പറന്പ്: ചരിത്രത്തിന്റെ ശേഷിപ്പായ റവന്യു ഭൂമികൾ കോവിഡ് ലോക്ക്ഡൗണിന്റെ മറവിൽ കൈയേറുന്നു.\
പോയ കാലത്തെ ചരിത്രത്തിന്റെ സ്മാരകശിലകളായ ഭൂമിയടക്കം സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടും അധികൃതർ നടപടി ശക്തമാക്കാത്തതിൽ പ്രതിക്ഷേധം രൂക്ഷമാകുകയാണ്.
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിനോടു ചേർന്നു കിടക്കുന്നതും വൈക്കം താലൂക്കിലെ വെള്ളൂർ വില്ലേജ് ഓഫിസ് പരിധിയിൽ വരുന്ന നീർപ്പാറ കോട്ടപ്പുറം ഭാഗത്താണ് ലോക്ഡൗണിന്റെ മറവിൽ സർക്കാർ ഭൂമി കൈയേറ്റം നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
ഈ ഭാഗത്തു കൂടിയാണ് കൊച്ചി തിരുവതാംകൂർ രാജ്യങ്ങളെ വേർതിരിക്കുന്ന കൂറ്റൻ കോട്ടയും കിടങ്ങും കടന്നു പോകുന്നത്.
രാമയ്യൻ ദളവയുടെ കാലത്താണ് ചെന്പ് മുതൽ പിറവം വരെ കൂറ്റൻ കിടങ്ങും കോട്ടയും നിർമിച്ചത്. നിലവിലുണ്ടായിരുന്ന ഈ അതിരിന്റെ ഭൂരിഭാഗവും ആളുകൾ കൈയേറി പട്ടയം സ്വന്തമാക്കി.
ചരിത്രത്തിന്റെ ശേഷിപ്പ് ഇനി അൽപം ബാക്കിയുള്ളത് കോട്ടയം -എറണാകുളം ജില്ലാ അതിർത്തിയായ നീർപ്പാറയിലാണ്.
ലക്ഷങ്ങൾ വിലമതിക്കുന്ന റവന്യുഭൂമിയാണിത്. ഇവിടെ കഴിഞ്ഞ ലോക്ഡൗണ് കാലത്തും കൈയേറ്റം നടന്നിരുന്നു. പരാതികളും പ്രതിഷേധങ്ങളും ഉയർന്നപ്പോൾ വില്ലേജ് അധികൃതരെത്തി തടയുകയായിരുന്നു.
കൈയേറ്റ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങളും കൃഷിയും മരംമുറിക്കലും നടന്നു. പഴയ തിരുവതാംകൂർ, കൊച്ചി രാജ്യങ്ങളുടെ അതിർത്തിയെ സൂചിപ്പിക്കുന്നതും കിടങ്ങിന്റെ ഭാഗവുമായ നീർപ്പാറയിലുള്ള കൊതിക്കല്ലും ഇപ്പോൾ തെളിഞ്ഞു കാണാം.
റിയൽ എസ്റ്റേറ്റ് മാഫിയകൾ ഈ മേഖലയിൽ ധാരാളം ഭൂമി വാങ്ങിയിരുന്നു. അവരും വിലപിടിപ്പുള്ള ഈ ഭൂമി കൈയേറ്റം നടത്തി മറിച്ചുവിൽപന നടത്തിക്കൊണ്ടിരുന്നു.
ലക്ഷക്കണക്കിനു രൂപ വിലവരുന്ന കൂറ്റൻമരങ്ങളും വെട്ടി വിറ്റ് കാശാക്കിക്കഴിഞ്ഞു. കോട്ടയം-എറണാകുളം മെയിൻ റോഡിനോടു ചേർന്നാണ് സ്ഥലം.
കോടികൾ വിലവരുന്ന ചരിത്രത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളെങ്കിലും പുതുതലമുറയ്ക്കു പോയ കാലത്തെക്കുറിച്ചു അവബോധം ലഭിക്കാൻ പരിരക്ഷിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.