സ്വന്തം ലേഖകൻ
തലശേരി: കടൽപാലത്തിൽ കാറ്റു കൊള്ളാനെത്തിയ ദമ്പതികളെ എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കേസിൽ റിമാൻഡ് ചെയ്യപ്പെടുകയും ഇന്നലെ ജയിൽ മോചിതനാകുകയും ചെയ്ത ധർമടം പാലയാട് വിശ്വത്തിൽ സി.പി. പ്രത്യുഷ് രാഷ്ട്രദീപികയോട് പറഞ്ഞു.
ആരോപണ വിധേയനായ എസ്ഐ മനുവിന്റേതായി ഇന്ന് രാവിലെ ഒരു ചാനൽ സംപ്രേഷണം ചെയ്ത അഭിമുഖവും വിവാദമായിട്ടുണ്ട്.
തന്നെയും ഭാര്യ മേഘയെയും പൗരാവകാശം നിഷേധിച്ച് അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ക്രൂരമായി മർദിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും തന്നെ ജയിലിലടക്കുകയും ചെയ്തതിന് നേതൃത്വം കൊടുത്ത തലശേരി സിഐയും എസ്ഐയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് പ്രത്യുഷ് വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. പുറത്തു പറയാൻ കൊള്ളാത്ത വാക്കുകളാണ് സിഐ തന്നോടും ഭാര്യയോടും പറഞ്ഞത്.
സമയം സംബന്ധിച്ച പോലീസ് രേഖ അടിസ്ഥാന രഹിതം
സംഭവ ദിവസം രാത്രി 10.30 ഓടെയാണ് ഞങ്ങൾ കടൽപ്പാലത്തിനടുത്ത് എത്തിയത്. അർധരാത്രിയിലാണ് തങ്ങൾ അവിടെ എത്തിയതെന്ന പോലീസ് പ്രചാരണം അടിസ്ഥാന രഹിതമാണ്.
പൊതുഇടമായ അവിടെ നിൽക്കുന്ന തങ്ങൾക്ക് സംരക്ഷണം നൽകേണ്ട പോലീസാണ് തങ്ങളോട് ക്രൂരമായി പെരുമാറിയിട്ടുള്ളത്.
ഭരണകൂടം സിനിമാ താരങ്ങളെ വരെ പങ്കെടുപ്പിച്ച് രാത്രി നടത്തം സംഘടിപ്പിച്ച സ്ഥലത്താണ് തങ്ങൾ നിന്നതെന്നും പ്രത്യുഷ് പറയുന്നു.
പ്രത്യുഷിന് പരിക്കേറ്റതിന്റെ മെഡിക്കൽ രേഖ പുറത്ത്
പോലീസിന്റെ അക്രമത്തിൽ പ്രത്യുഷിന് പരിക്കേറ്റതിന്റെ മെഡിക്കൽ റിപ്പോർട്ടും പുറത്തു വന്നിട്ടുണ്ട്. പ്രത്യുഷിന്റെ ഇടതു കണ്ണിന് താഴെ രക്തം കല്ലിച്ചതിന്റെയും ഇടതു കാലിനും വലതു മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുമുണ്ട്.
വലതു കൈക്കും ഇടതു കൈക്കും നെഞ്ചിനും ഉൾപ്പെടെ പരിക്കേറ്റിട്ടുള്ളതായി പ്രത്യുഷിന്റെ മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സംഭവത്തിൽ എസ് ഐ മനുവിനും സിവിൽ പോലീസ് ഓഫീസർക്കും പരിക്കേറ്റതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഇന്നലെ രാഷ്ട്രദീപിക പുറത്തു വിട്ടിരുന്നു.
പോലീസിനെതിരേ പരാതി പറയുന്നത് ട്രെൻഡെന്ന് എസ്ഐ
ഇതിനിടയിൽ പോലീസ് സ്റ്റേഷന് വിളിപ്പാടകലെയുള കടൽപ്പാലം പരിസരം ലഹരിയുടെ കേന്ദ്രമാണെന്ന തലശേരി എസ്ഐ മനുവിന്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു.
ഇന്ന് രാവിലെ ഒരു സ്വകാര്യ ചാനലിലാണ് കടൽപ്പാലം പരിസരം ലഹരിയുടെ കേന്ദ്രമാണെന്ന് എസ്ഐ പറഞ്ഞത്. പോലീസിനെതിരെ പരാതി പറയുന്നത് ഇപ്പോൾ ഒരു ട്രെൻഡാണ്.
പോലീസ് സ്റ്റേഷനിൽ അത്യാവശ്യം സ്ഥലങ്ങളിൽ സിസി ടിവി ഉണ്ട്. പ്രത്യുഷ് തന്നെ ഹെൽമറ്റ് കൊണ്ട് അക്രമിച്ചപ്പോൾ മേഘ തന്നെ പിടിച്ചു നിർത്തി.
താൻ ചോദിച്ചപ്പോൾ ദമ്പതികൾ വിലാസം വെളിപ്പെടുത്താൻ തയാറായില്ലെന്നും എസ്ഐ അഭിമുഖത്തിൽ പറയുന്നു.