കാബൂൾ: യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിൽനിന്ന് കളമൊഴിഞ്ഞതോടെ താലിബാൻ ഭീകരർ രാജ്യം പിടിച്ചെടുക്കൽ തുടരുന്നു.
അഫ്ഗാൻ സൈന്യവുമായുള്ള ശക്തമായ ഏറ്റുമുട്ടലിനൊടുവിൽ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ തങ്ങൾ പിടിച്ചെടുത്തതായി താലിബാൻ അവകാശപ്പെട്ടു.
ഒരു കാലത്ത് താലിബാന്റെ ശക്തികേന്ദ്രമായിരുന്നു ഈ നഗരത്തിന് വ്യാപാര കേന്ദ്രമെന്ന നിലയിൽ തന്ത്രപരമായ പ്രാധാന്യമുണ്ട്. താലിബാന്റെ ജന്മദേശമെന്നാണ് കാണ്ഡഹാർ അറിയപ്പെടുന്നത്.
കാബൂളിന് അടുത്തേക്ക്
കാബൂൾ പിടിച്ചെടുക്കുക എന്നതാവും ഇനി താലിബാന്റെ പ്രധാന നോട്ടും. ഏതാനും ആഴ്ചകൾ മുൻപ് തന്നെ കാണ്ഡഹാറിന്റെ പ്രാന്തപ്രദേശങ്ങളെല്ലാം താലിബാൻ പിടിച്ചെടുത്തിരുന്നു. ബുധനാഴ്ച കാണ്ഡഹാറിലെ സെൻട്രൽ ജയിൽ തകർത്ത ഭീകരർ വ്യാഴാഴ്ച നഗരമധ്യത്തിൽ പ്രവേശിച്ചു.
അഫ്ഗാനിസ്ഥാന്റെ തന്ത്രപ്രധാനമായ നഗരമാണ് കാണ്ഡഹാർ. വിമാനത്താവളം, കാർഷിക വ്യാവസായിക കേന്ദ്രങ്ങൾ, വ്യാപാരകേന്ദ്രം തുടങ്ങിയ ഇവിടെ സ്ഥിതിചെയ്യുന്നു.
കഴിഞ്ഞ ദിവസം ഗസ്നി പ്രവിശ്യയുടെ തലസ്ഥാനമായ ഗസ്നി നഗരം താലിബാൻ ഭീകരർ പിടിച്ചെടുത്തിരുന്നു. രാജ്യതലസ്ഥാനമായ കാബൂളിൽനിന്ന് 150 കിലോമീറ്റർ മാത്രം അകലത്തിലാണു ഗസ്നി. ഇവിടത്തെ വിജയം താലിബാനു തന്ത്രപരമായി ഏറെ മുൻതൂക്കം നല്കുന്നതാണ്.
കിഴക്ക് കാബൂളിനെയും തെക്ക് കാണ്ഡഹാറിനെയും ബന്ധിപ്പിക്കുന്ന ഒന്നാം നന്പർ ഹൈവേ കടന്നുപോകുന്നതും ഗസ്നിയിലൂടെയാണ്.
മൂന്നിൽ രണ്ടു പ്രദേശങ്ങളും
പരാജയത്തിനു പിന്നാലെ പലായനം ചെയ്ത ഗസ്നി ഗവർണറെയും ഡെപ്യൂട്ടിയെയും അഫ്ഗാൻ സുരക്ഷാസേന അറസ്റ്റ് ചെയ്തു. സർക്കാർ സൈന്യത്തെ അതിവേഗം കീഴടക്കി മുന്നേറുന്ന താലിബാൻ ഭീകരർ രാജ്യത്തിന്റെ മൂന്നിൽ രണ്ടു പ്രദേശങ്ങളും അധീനതയിലാക്കിക്കഴിഞ്ഞു.
വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ബാൾക്ക് പ്രവിശ്യ ഒഴികെയുള്ള സ്ഥലങ്ങൾ താലിബാന്റെ നിയന്ത്രണത്തിലാണ്. ഒരു മാസത്തിനിടെ അഫ്ഗാനിസ്ഥാനിൽ ആയിരത്തിലധികം സിവിലിയന്മാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
താലിബാൻ നിയന്ത്രിത പ്രദേശങ്ങളിലെ ജനങ്ങൾ കാബൂളിലേക്കു പലായനം ചെയ്യുന്നതു തുടരുന്നു. കൈയിൽ കിട്ടിയതുമെടുത്ത് കുടുംബത്തോടൊപ്പം ഓടിപ്പോയവർ താത്കാലിക കൂടാരങ്ങളിൽ ദുരിതം നിറഞ്ഞ സ്ഥിതിയിലാണ്.