മംഗലംഡാം: അതിവർഷത്തിൽ ഏറേ ദിവസങ്ങൾ വനത്തിനുള്ളിൽ ഒറ്റപ്പെട്ടു കഴിഞ്ഞ തളികകല്ലിലെ ആദിവാസികൾ പോത്തംതോടിനു കുറുകെയുള്ള പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാക്കുന്നു. 2016 ജനുവരി 20 നാണ് കടപ്പാറയിൽ നിന്നും മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന വനത്തിനകത്തെ തളികകല്ലിലേക്ക് റോഡും റോഡിനിടക്ക് വരുന്ന തോടായ കാട്ടുചോലക്ക് കുറുകെ പാലവും നിർമ്മിക്കാൻ നിർമ്മാണോദ്ഘാടനം നടന്നത്.
ടൈൽസ് പതിച്ചും കോണ്ക്രീറ്റ് ചെയ്തുമുള്ള റോഡ് പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ടെങ്കിലും തോടിനു കുറുകെയുള്ള പാലം പണിയുടെ പ്രാഥമിക നടപടികൾ പോലും ആയിട്ടില്ല.ഇവിടെ പാലം നിർമ്മിക്കാതെയുള്ള റോഡ് പണി വ്യർത്ഥമായിരിക്കുകയാണ്. പാലം നിർമ്മാണം വൈകുന്ന സ്ഥിതിയുണ്ടായപ്പോൾ ഇക്കഴിഞ്ഞ ജൂണിൽ ആദിവാസികൾ തന്നെ സംഘടിച്ച് ഇവിടെ മരങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് താൽക്കാലിക മരപ്പാലം ഉണ്ടാക്കിയിരുന്നെങ്കിലും മലവെള്ളപാച്ചിലിൽ പാലം ഒഴുകി പോയി.
ഇപ്പോൾ തോട്ടിലെ വെള്ളം കുറഞ്ഞപ്പോൾ നടന്ന് പോകാൻ പ്രശ്നമല്ല.എന്നാൽ അത്യാവശ്യങ്ങൾക്ക് കോളനിയിലേക്ക് ഒരു വാഹനം എത്താൻ എളുപ്പമല്ല .അതി തീവ്ര മഴയിൽ റോഡിന്റെ പല ഭാഗത്തും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
ആറ് മാസം കൊണ്ട് റോഡും പാലവും വരുമെന്നായിരുന്നു റോഡിന്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നത്. ഇപ്പോൾ റോഡിന്റെ നിർമ്മാണോദ്ഘാടനം കഴിഞ്ഞു് 33 മാസം പിന്നിടുന്പോഴും പാലം പണി മുടങ്ങി കിടക്കുകയാണ്.
റോഡ് പണിക്ക് അനുവദിച്ച ഫണ്ട് യഥാസമയം കൈമാറാതെ വന്നതാണ് റോഡ് പണി അനിശ്ചിതത്വത്തിലാകാൻ കാരണമെന്ന് പറയുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി മുന്നിൽ നിൽക്കേണ്ട പട്ടിക ക്ഷേമ വകുപ്പും ആദിവാസി കോളനി റോഡ് നവീകരണത്തിന് താല്പര്യം എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.