മംഗലംഡാം: കടപ്പാറ-തളികകല്ല് ആദിവാസി കോളനി റോഡിന്റെ നിർമാണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദിക്കുന്ന ചോദ്യങ്ങൾക്ക് തോന്നുംമട്ടിൽ ഉത്തരം നല്കുന്നതായി പരാതി. തിരുവനന്തപുരത്തുള്ള പട്ടികവർഗ വികസനവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽനിന്നും തളികകല്ല് കോളനിയിലെ ഉൗരുമൂപ്പൻ രാഘവന് നല്കിയ വിശദീകരണങ്ങളിലാണ് നിരുത്തരവാദപരമായ മറുപടിയുള്ളത്.
കടപ്പാറയിൽനിന്നും വനത്തിനകത്തുള്ള തളികകല്ലിലേക്കുള്ള റോഡുനിർമാണം പൂർത്തിയായെന്ന് കാണിച്ച് കഴിഞ്ഞമാസം തളികകല്ല് കാടർകോളനി ഉൗരുമൂപ്പൻ രാഘവനു കത്തുവന്നിരുന്നു. എന്നാൽ ഈമാസം വന്ന മറ്റൊരു കത്തിൽ പറയുന്നത് റോഡുനിർമാണം പൂർത്തിയായിട്ടില്ലെന്നാണ്. കിറ്റ്കോയ്ക്ക് നിർമാണചുമതലയുള്ള റോഡുനിർമാണത്തിൽ ഇനി ഇരുന്നൂറുമീറ്റർ ദൂരംകൂടി കോണ്ക്രീറ്റ് ചെയ്യാനുണ്ടെന്നും പോത്തൻതോടിനു കുറുകേപാലം നിർമിക്കാനുണ്ടെന്നും രണ്ടാമത്തെ കത്തിൽ പറയുന്നു.
മൊബിലൈസേഷൻ അഡ്വാൻസ് ഇനത്തിൽ 50.42 ലക്ഷം രൂപയും പാർട്ട് ബിൽ ഇനത്തിൽ 7.30 ലക്ഷം രൂപയും റോഡുനിർമാണ ചുമതലുള്ള കിറ്റ്കോ ലിമിറ്റഡിന് അനുവദിച്ചതായും കത്തിൽ പറയുന്നു. വർഷക്കാലത്ത് കോളനി ഒറ്റപ്പെടുന്ന സ്ഥിതിയുള്ളതിനാൽ തോടിനു കുറുകേയുള്ള പാലത്തിന്റെ നിർമാണപ്രവൃത്തികൾ സമയബന്ധിതമായി തുടങ്ങി പൂർത്തീകരിക്കുന്നതിനു ആവശ്യമായ നടപടി വകുപ്പ് കൈക്കൊള്ളുമെന്ന ആശ്വാസവാക്കുകളും കത്തിലുണ്ട്.
രണ്ടുവർഷംമുന്പാണ് മൂന്നരകിലോമീറ്റർ മാത്രം ദൂരമുള്ള റോഡുനിർമാണം തുടങ്ങിയത്. റോഡുനിർമാണം നടത്തുന്നയാൾക്ക് യഥാസമയം ഫണ്ട് കൈമാറാതെ കരാറുകാരൻ ഇപ്പോൾ പണികളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ആറുമാസംകൊണ്ട് റോഡുനിർമാണം പൂർത്തിയാക്കുമെന്നായിരുന്നു നിർമാണോദ്ഘാടനത്തിലെ ഉറപ്പ്. എന്നാൽ റോഡുപണി രണ്ടുവർഷം പിന്നിടുന്പോഴും പണികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നാണ് ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട പട്ടികവർഗ വികസനവകുപ്പ് ആദിവാസികൾ നല്കുന്ന ഉറപ്പ്.
റോഡുനിർമാണത്തിന്റെ പ്രധാനവർക്ക് തന്നെ പോത്തൻതോടിനു കുറുകേ നിർമിക്കേണ്ട പാലമാണ്. ഇതിന്റെ നിർമാണം സംബന്ധിച്ച് യാതൊരു നടപടിയുമായിട്ടില്ല. തോടിന്റെ ഇരുഭാഗത്തേക്കുമുള്ള റോഡുനിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. തോടിനു കുറുകേ പാലം നിർമിക്കാത്തതിനാൽ കാട്ടുചോല കടക്കാൻ ആദിവാസികൾ തന്നെ ഇവിടെ താത്കാലിക മരപ്പാലം നിർമിച്ചിരിക്കുകയാണ്. റോഡുനിർമാണം സംബന്ധിച്ച് സ്ഥലത്തെത്തി പരിശോധനപോലും നടത്താതെയാണ് വിവരാവകാശപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കുന്നതെന്നാണ് ആക്ഷേപം.