മംഗലംഡാം: രണ്ടര പതിറ്റാണ്ട് കാലത്തെ സമര പോരാട്ടങ്ങൾക്കൊടുവിൽ കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികക്കല്ല് ആദിവാസി കോളനി വഴിയിൽ പോത്തംതോട്ടിൽ കാട്ടുചോലക്ക് കുറുകെ പാലം നിർമ്മാണം തുടങ്ങി.
പാലം നിർമ്മിക്കുന്ന ഭാഗത്തെ വലിയ പാറക്കല്ലുകൾ ഹിറ്റാച്ചിയുടെ സഹായത്തോടെ മാറ്റി പില്ലറുകൾക്കുള്ള കുഴിയെടുക്കലാണ് ഇപ്പോൾ നടക്കുന്നത്. 26 മീറ്റർ നീളം വരുന്നതാണ് കാട്ടുചോലക്ക് കുറുകെയുള്ള പാലം. നാല് പില്ലറുകളിലായാണ് നിർമ്മാണം.
മൂന്നര മീറ്റർ ഉയരവും അതിൽ കൂടുതൽ വീതിയും പാലത്തിനുണ്ടാകും. തോടിന് മറുഭാഗത്ത് നിലവിലുള്ള റോഡിന്റെ കുത്തനെയുള്ള കയറ്റം കുറക്കുന്ന വിധം ചെരിഞ്ഞ നിലയിലാകും പാലം. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രമാണ് പാലം നിർമ്മിക്കുന്നത്.
പതിറ്റാണ്ടുകളേറെ കേടുകൂടാതെ നിലനിൽക്കും വിധമാണ് റോഡിന്റെയും പാലത്തിന്റെയും നിർമ്മാണമെന്ന് നിർമ്മിതികേന്ദ്രം റീജണൽ എൻജിനീയർ എം.ഗിരീഷ് പറഞ്ഞു. കോളനി ഭാഗത്തെ റോഡ് നിർമ്മാണം പൂർത്തിയായി.
560 മീറ്റർ ദൂരം കോണ്‍ക്രീറ്റിംഗ് നടത്തുകയായിരുന്നു. തിപ്പിലിക്കത്തിനും പോത്തം തോടിനും ഇടക്ക് 150 മീറ്റർ ദൂരം കൂടി ഇനി കോണ്‍ക്രീറ്റിംഗ് നടത്താനുണ്ട്.
നാലര കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ മറ്റു ഭാഗങ്ങൾ രണ്ട് വർഷം മുന്‍പ് ടൈൽസ് വിരിച്ച് നിർമ്മിച്ചിരുന്നു. കരാറുക്കാരന് യാഥാസമയം പണം നൽകാതെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതി വന്നപ്പോൾ റോഡ് പണി ഇടക്ക് വെച്ച് നിർത്തി.
കോളനി മൂപ്പനായിരുന്ന രാഘവൻ 2010ൽ ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനെ തുടർന്നാണ് ഇപ്പോൾ കോളനിയിൽ ദ്രുതഗതിയിലുള്ള വികസന പ്രവൃത്തികൾ നടക്കുന്നത്.റോഡും പാലവും കൂടാതെ കോളനിയിൽ 40 വീടുകളുടെ നിർമ്മാണവും തകൃതിയാണ്.
ഏറെ പതിറ്റാണ്ട് കാലത്തെ കോളനിക്കാരുടെ വലിയ ആവശ്യമായിരുന്നു പോത്തം തോട്ടിൽ കാട്ടുചോലക്ക് കുറുകെ പാലം നിർമ്മിക്കണമെന്നത്. പാലം ഇല്ലാതിരുന്നതിനാൽ മഴക്കാലത്ത് കോളനി ഒറ്റപ്പെടുന്ന സ്ഥിതിയായിരുന്നു.
താല്‍ക്കാലിക മരപാലത്തിലൂടെ സാഹസികമായാണ് കോളനിക്കാർ മരുന്ന് ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കടപ്പാറയിലും മംഗലംഡാമിലും എത്തിയിരുന്നത്.