മംഗലംഡാം: വികസനപദ്ധതികൾക്കൊന്നും രാഷ്ട്രീയം തടസമല്ലെന്ന് നേതാക്കൾ ഇടയ്ക്കിടെ പറയുന്നതൊന്നും വനത്തിനകത്തെ തളികകല്ലിലെ ആദിവാസികൾ ഇനി വിശ്വസിക്കില്ല. കാരണം കോളനിയിലേക്കുള്ള റോഡ് പണിമുടക്കിയതിനു പിന്നിൽ രാഷ്ട്രീയം തന്നെയാണെന്നാണ് ഇവർ കരുതുന്നത്.
റോഡിന്റെ ഗുണഭോക്താക്കളിൽ ഏറിയ പങ്കും വലതുപക്ഷക്കാരാണെന്ന ചിന്തയാണ് റോഡുപണി പ്രതിസന്ധിയിലാകാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതല്ലാതെ റോഡുപണി മുടങ്ങാൻ മറ്റൊരു വഴിയും ഇവർ കാണുന്നില്ല.റോഡുപണികൾക്കായി അനുവദിച്ച ഫണ്ട് യഥാസമയം ലഭ്യമാകാതിരുന്നതാണ് പണി ഉപേക്ഷിക്കാൻ കരാറുകാരനെയും പ്രേരിപ്പിച്ചത്. കാടർ വിഭാഗത്തിൽപെടുന്ന ആലത്തൂർ താലൂക്കിലെ ഏക ആദിവാസി കോളനിയാണ് കടപ്പാറയ്ക്കടുത്തുള്ള തളികകല്ലിലേത്.
കടപ്പാറയിൽനിന്നും നാലു കിലോമീറ്റർ ദൂരമുള്ള കോളനിയിലേക്ക് ഒരു വാഹനം പോകാവുന്ന റോഡില്ലെന്നതാണ് പ്രധാനപ്രശ്നം. റോഡ് നിർമിക്കാൻ 2007-ൽ വനംവകുപ്പ് നേരിട്ടുതന്നെ ശ്രമം നടത്തിയെങ്കിലും 2007 ജൂലൈയിലെ അതിവർഷത്തിൽ നിർമിച്ച റോഡ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
പിന്നീട് റോഡുപണി ഉപേക്ഷിച്ചു.ഇതേ തുടർന്ന് ഉൗരുമൂപ്പൻ രാഘവന്റെ നേതൃത്വത്തിൽ നിരന്തരമായ കത്തിടപാടുകളും സമരങ്ങളുംവഴി പത്തുവർഷത്തിനുശേഷം റോഡ് നിർമിക്കാൻ നബാർഡിന്റെ ഫണ്ട് അനുവദിച്ചു. 2016 ജനുവരിയിൽ റോഡുപണി തുടങ്ങിയെങ്കിലും ചെയ്ത വർക്കുകൾക്കുപോലും പണം നല്കാതെ കരാറുകാരനെ കഷ്ടപ്പെടുത്തി.
കോളനിവഴിയിൽ പോത്തംതോട് കാട്ടുചോലയ്ക്കു കുറുകേയുള്ള പാലം പണി ഒഴികേ മറ്റു റോഡുവർക്കുകളെല്ലാം പൂർത്തിയാക്കിയിട്ടും കരാറുകാരന് പണം കിട്ടിയില്ല. 2.20 കോടി രൂപയാണ് റോഡുപണിക്ക് അനുവദിച്ചിരുന്നത്.
ട്രൈബൽ വകുപ്പുവഴി കിറ്റ്കോയ്ക്കായിരുന്നു പണികളുടെ മേൽനോട്ടം. വായ്പ വാങ്ങിയും മറ്റും പണി നടത്തിയിരുന്ന കരാറുകാരന് പിടിച്ചുനില്ക്കാനാകാതെ ഇപ്പോൾ പണി ഉപേക്ഷിച്ചു. തോടിനു കുറുകേയുള്ള പാലം നിർമിക്കലാണ് പ്രധാനമായും ഇനി ചെയ്യാനുള്ളത്. കരാറുകാരൻ പണികൾ ഉപേക്ഷിച്ചതിനാൽ ഇനി ശേഷിച്ച പണികൾ പൂർത്തിയാക്കാൻ ഏറെ കാലതാമസം വരും. പുതിയ ടെണ്ടർ വിളിച്ച് നടപടികൾ നീളും. തളികകല്ലിലെ അറുപതു കുടുംബങ്ങൾ ഈ മഴക്കാലവും ഏറെ കഷ്ടപ്പെടും.
തോടുനിറഞ്ഞാൽ കോളനി ഒറ്റപ്പെടുന്ന സ്ഥിതിതുടരും. അനുവദിച്ച ഫണ്ട് യഥാസമയം പാസാക്കി കരാറുകാരന് നല്കിയിരുന്നെങ്കിൽ കോളനിക്കാരുടെ കാൽനൂറ്റാണ്ടായുള്ള ആവശ്യം സഫലമായേനെ. എന്നാൽ വികസനം രാഷ്ട്രീയം നോക്കിയായപ്പോൾ എല്ലാം തകിടം മറിഞ്ഞു. ഇത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കും പിൻബലമായി.