മംഗലംഡാം: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് വനത്തിനകത്ത് തളികകല്ല് ആദിവാസി കോളനിയിൽ നടന്നുവരുന്ന വീട് നിർമാണം മതിയായ സുരക്ഷയോടെയല്ലെന്ന പരാതിയുമായി കോളനിക്കാർ.വാർപ്പു കഴിഞ്ഞ വീടുകൾ ചോർന്നൊലിക്കുന്ന സ്ഥിതിയാണെന്ന് ഊരുമൂപ്പൻ നാരായണൻ പറഞ്ഞു.
ഇക്കാര്യം വീട് നിർമ്മാണം നടത്തുന്ന നിർമ്മിതി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.മൂപ്പൻ നാരായണൻ, തങ്കമണി എന്നിവരുടെ വീടുകൾക്ക് ചുമർ വഴി നല്ല ചേർച്ചയാണ്. ലിന്റൽ വാർപ്പിലെ വിള്ളലുകൾ വഴിയാണ് വെള്ളം വീടിനുള്ളിൽ എത്തുന്നത്. 40 വീടുകളാണ് കോളനിയിൽ പണിയുന്നത്.
ഇതിൽ 32 വീടുകളുടെ വാർപ്പ് കഴിഞ്ഞിട്ടുണ്ട്. അഞ്ചു വീടുകളുടെ പണികൾ നടന്നുവരികയാണ്. മൂന്നു വീടുകൾ കോളനിക്ക് അടുത്തുതന്നെ പപ്പടപാറ ഭാഗത്ത് നിർമ്മിക്കാനാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
എന്നാൽ പണി തുടങ്ങിയിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ വീടുകളുടെ നിർമ്മാണം ഇടക്കിടെ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്തണമെന്നാണ് കോളനിക്കാർ ആവശ്യപ്പെടുന്നത്.
അതല്ലെങ്കിൽ പത്തുവർഷംമുന്പ് വീടുകൾ നിർമ്മിച്ച മട്ടിൽ ഒന്നോ രണ്ടോ വർഷത്തിനുളളിൽ വീടുകളെല്ലാം തകരുന്ന സ്ഥിതി ഉണ്ടാകും.പുതിയതായി നിർമിക്കുന്ന വീടുകൾ കുറച്ചു വർഷമെങ്കിലും നിലനിൽക്കുന്ന വിധം ഉറപ്പേറിയതും സുരക്ഷിതവുമാകണമെന്ന നിർബന്ധത്തിലാണ് കോളനിക്കാരും.
420 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ വീടുകൾ ഓരോന്നും പണിയുന്നത്. 7.20 ലക്ഷം രൂപ പ്രകാരം 288 ലക്ഷം രൂപയാണ് വീടുകളുടെ നിർമ്മാണത്തിനായി പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് അനുവദിച്ചിട്ടുള്ളത്.57 കുടുംബങ്ങളാണ് കോളനിയിലുള്ളതെന്നാണ് കണക്ക്.
മറ്റുള്ളവർക്ക് പിന്നീട് വീടുകൾ പണിയും. ഇപ്പോൾ നടന്നുവരുന്ന മുഴുവൻ വീടുകളുടെയും നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കി താമസയോഗ്യമാക്കണം.ടാർപോളിൻ വലിച്ചുകെട്ടിയും മറ്റുമാണ് ഓരോ കുടുംബങ്ങളും ഇപ്പോൾ കഴിയുന്നത്.
തുടർച്ചയായുള്ള മഴ കോളനിക്കാരുടെ താമസം ഏറെ ദുരിതപൂർണമാക്കുന്നുണ്ട്. രോഗങ്ങളും വരുമാനമില്ലാത്ത സ്ഥിതിയും കഷ്ടപ്പാടുകൾ കൂട്ടുകയാണ്.