വടക്കഞ്ചേരി: കോവിഡ് മഹാമാരിയെ തുടർന്ന് ഈ അധ്യായന വർഷത്തിന്റെ ആദ്യമാസങ്ങളിലും സ്കൂളുകളിലെ റഗുലർ ക്ലാസുകൾ തുടങ്ങാനുള്ള സാധ്യത മങ്ങിയതോടെ മലയോര മേഖലകളിലേയും ആദിവാസി കോളനികളിലെയും കുട്ടികളുടെ വിദ്യാഭ്യാസം ഈ വർഷവും പ്രതിസന്ധിയിലാകും.
സ്മാർട്ട് ഫോണുകളില്ലാത്തതും റെയ്ഞ്ചിന്റെ കുറവും വീടുകളിൽ ടിവിയില്ലാത്തതും ഓണ്‍ലൈൻ പഠനത്തിൽ വലിയ താളപിഴകൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.കാറ്റോ മഴയോ ഉണ്ടായാൽ മരകൊന്പുകൾ ലൈനിൽ വീണ് വൈദ്യുതി വിതരണം തടസപ്പെടുന്നതും മറ്റൊരു തലവേദനയാണ്.
ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും വനത്തിനകത്തെ തളികകല്ല്, കവിളുപ്പാറ തുടങ്ങിയ ആദിവാസി കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസം കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും മുടങ്ങുന്ന സ്ഥിതിയാണ്.
പഠന രീതികൾ ശരിയല്ലെങ്കിൽ മഴക്കാലം കഴിയുന്നതോടെ കുട്ടികളുമായി മാതാപിതാക്കൾ ഉൾക്കാടുകളിലേക്ക് താമസം മാറ്റും.പിന്നെ അവരുമായി ബന്ധപ്പെടാൻ പോലും വഴിയുണ്ടാകില്ല. തളികക്കല്ല് കോളനിയിൽ നിന്നും അഞ്ച് കിലോമീറ്ററുള്ള കടപ്പാറയിൽ ആദിവാസി കുട്ടികൾക്ക് മുൻഗണന നൽകി എൽപി സ്കൂൾ ഉണ്ടെങ്കിലും കോവിഡ് വ്യാപനം എല്ലാം അവതാളത്തിലാക്കി.
കോളനിയിലെ കൂടുതൽ കുട്ടികളും ട്രൈബൽ സ്കൂളുകളിലാണ് പഠിക്കുന്നത്.അവിടുത്തെ ഹോസ്റ്റലുകളിലും താമസിക്കും. ഹോസ്റ്റൽ പ്രവർത്തിക്കാത്തതിനാൽ ഇപ്പോൾ കുട്ടികളെല്ലാം കോളനികളിൽ തന്നെയാണ്.58 കുടുംബങ്ങളുള്ള തളികക്കല്ല് കാടർ കോളനിയിൽ വിദ്യാഭ്യാസം നടത്തുന്ന നൂറോളം കുട്ടികളുണ്ട്.
പക്ഷേ, പഠനം ഓണ്‍ലൈനാക്കിയപ്പോൾ ഒന്നും ചെയ്യാനാകാതെ വെറുതെ സമയം കളഞ്ഞ് വീടുകളിൽ കഴിയുകയാണ് കുട്ടികളെല്ലാം.ഈയിടെ നിർമ്മിച്ച കോളനിയിലെ കമ്യുണിറ്റി ഹാളിൽ ഒരു ടിവിയെങ്കിലും സ്ഥാപിച്ചാൽ ഇടക്കെങ്കിലും കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ കേൾക്കാമായിരുന്നെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
ഓണ്‍ലൈൻ പഠനം 80 ശതമാനമെങ്കിലും വിജയിക്കണമെങ്കിൽ മലയോര മേഖലയിലേയും ആദിവാസി ഉൗരുകളിലേയും കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.അതല്ലെങ്കിൽ നിരക്ഷരരായ കുട്ടികളുടെ എണ്ണം കൂടും.