മംഗലംഡാം: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കടപ്പാറക്കടുത്ത് വനത്തിനുള്ളിലുള്ള തളികക്കല്ല് ആദിവാസി കോളനിയിൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നത് 40 വീടുകളും റോഡും പാലവും ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ.
കാടർ വിഭാഗം ആദിവാസികളുള്ള ഇവിടെ ഇത്രയും വിപുലമായ വികസന പ്രവർത്തനം നടക്കുന്നത് കോളനിയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.
കോളനിയിലെ അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെട്ട് 2010 ൽ ഉൗരുമൂപ്പൻ രാഘവൻ ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനെ തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ മോണിറ്ററിംഗിലും കോടതി നിരീക്ഷണത്തിലും ആദിവാസി കോളനിയിൽ വികസന വെളിച്ചം എത്തുന്നത്.
420 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിലവിലുള്ള വീടുകൾ പൊളിച്ച് നീക്കിയാണ് പുതിയ വീടുകൾ പണിയുകയെന്ന് ടി ഇ ഒ രാജീവ് പറഞ്ഞു.ഒരു വീടിന് 7.20 ലക്ഷം രൂപാ പ്രകാരം 288 ലക്ഷം രൂപയാണ് വീടുകളുടെ നിർമ്മാണത്തിനായി പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് അനുവദിച്ചിട്ടുള്ളത്.
പത്ത് വർഷം മുന്പ് 40 വീടുകൾ ഇവിടെ നിർമ്മിച്ച് നൽകിയിരുന്നു.
ഈ വീടുകൾ താമസ യോഗ്യമല്ലാത്തതിനാലാണ് പുതിയ വീടുകൾ നിർമ്മിക്കുന്നത്.ഈ കണക്കനുസരിച്ചാണ് ഇപ്പോഴത്തെ വീട് നിർമ്മാണം. ജില്ലാ നിർമിതി കേന്ദ്രമാണ് ഏകീകൃത സ്വഭാവത്തോടെ മുഴുവൻ വീടുകളും നിർമിക്കുക.
ഇതിന്റെ ഭാഗമായാണ് ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ മെബർ സെക്രട്ടറി കൂടിയായ ഒറ്റപ്പാലം സബ് കളക്ടർ അർജുൻപാണ്ഡ്യൻ ഐ എ എസ് കഴിഞ്ഞ ദിവസം കോളനി സന്ദർശിച്ച് നിലവിലെ സ്ഥിതി നേരിട്ട് കണ്ട് വിലയിരുത്തൽ നടത്തിയത്.
2009- 2010 ൽ നിർമ്മിച്ച വീടുകളിൽ രണ്ട് വീട്ടവകാശികൾ മരണപ്പെടുകയും മൂന്ന് വീട്ടുക്കാർ നെ·ാറ കൽചാടി കോളനിയിലേക്ക് താമസം മാറുകയും ചെയ്തിട്ടുണ്ടെന്നാണ് വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
57 കുടുംബങ്ങൾ കോളനിയിൽ ഉണ്ടെന്നാണ് പുതിയ കണക്കുകൾ. പുതിയ കുടുംബങ്ങൾക്കായുള്ള വീട് നിർമ്മാണം പിന്നീട് നടത്തും.വീടില്ലാത്തവർക്ക് സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴി വീട് ലഭിക്കേണ്ടതുണ്ട്.
കടപ്പാറയിൽ നിന്നും കോളനിയിലേക്കുള്ള വഴിയിലെ പോത്തംതോട് കാട്ടുചോലക്ക് കുറുകെ പാലം നിർമ്മിക്കാനും ശേഷിച്ച റോഡ് പണി പൂർത്തിയാക്കാനുമായി ഒന്നേകാൽ കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രമാണ് പാലവും റോഡും പൂർത്തിയാക്കുക.
എം പി ഫണ്ടിൽ നിന്നും 20 ലക്ഷം രൂപാ ചെലവിൽ അംഗൻവാടി നിർമിക്കും.കോളനിയിലെ ഉറവ കിണറാക്കി പരിവർത്തനം ചെയ്താണ് കുടിവെള്ള പദ്ധതിക്ക് രൂപം നൽകുന്നത്.ഇതിനു മുകളിൽ 30 അടി ഉയരമുള്ള കുന്നിൽ കോണ്ക്രീറ്റ് ഫ്ളാറ്റ്ഫോം നിർമ്മിച്ച് 5000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കും.
കോളനിക്കു ചുറ്റുമുള്ള സൗരോർജ വേലിയുടെ അറ്റകുറ്റപണികൾ വനം വകുപ്പ് നടത്തും. കൃഷിസംബന്ധമായ കാര്യങ്ങൾ കൃഷി വകുപ്പും കോളനിയിൽ പൊതു വിളക്കുകൾ സ്ഥാപിക്കൽ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലുമാകും നടപ്പിലാക്കുക
.അണ് സ്കിൽഡ് ലേബർ വിഭാഗത്തിൽ കോളനിക്കാരെ തന്നെ ഉൾപ്പെടുത്തിയാകണം പ്രവൃത്തികൾ നടത്തേണ്ടതെന്നും നിർദ്ദേശമുണ്ട്.സെക്രട്ടേറിയേറ്റിൽ നിന്നും അതിലുപരി ഹൈക്കോടതിയുടെ കൂടി ഇടപെടലുകൾ ഉണ്ടാകുമെന്നതിനാൽ വൈകാതെ തന്നെ തളികകല്ല് ആദിവാസി കോളനി വികസന പാതയിലാകുമെന്ന് പ്രതീക്ഷിക്കാം.
പ്രായാധിക്യത്തിന്റെ അവശതകളുണ്ടെങ്കിലും ഉൗരുമൂപ്പൻരാഘവനും വലിയ സന്തോഷത്തിലാണ്. അടിസ്ഥാനാവശ്യങ്ങൾക്കായി കാൽ നൂറ്റാണ്ട് കാലം ഓടിനടന്നതിന്റെ ഫലപ്രാപ്തി വൈകിയാണെങ്കിലും കോളനിയിൽ ഇനിയും വൈകില്ലെന്നാണ് മൂപ്പൻ പങ്കു വെക്കുന്നത്.
ഉൾക്കാടുകളിൽ രണ്ടും മൂന്നും കുടുംബങ്ങളായി പാറയിടുക്കുകളിലും മറ്റും കഴിഞ്ഞിരുന്നവരെയെല്ലാം തളികക്കല്ല് മലയിൽ ഒന്നിച്ച് കൂട്ടിയത് രാഘവേട്ടനായിരുന്നു. 1956 ൽ മംഗലംഡാം കമ്മീഷൻ ചെയ്യുന്പോൾ താൻ യുവാവായിരുന്നെന്ന് മാത്രമെ വയസ് എത്രയായെന്ന ചോദ്യത്തിന് രാഘവേട്ടന് ഉത്തരമുള്ളു.