ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: മൂന്നു പതിറ്റാണ്ടിലേറെ കാലത്തെ മുറവിളികൾക്കൊടുവിൽ കടപ്പാറയ്ക്കടുത്ത് പോത്തംതോട്ടിൽ കാട്ടുചോലയ്ക്കു കുറുകെ പാലം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് വനത്തിനകത്തുള്ള തളികക്കല്ലിലെ ആദിവാസി കുടുംബങ്ങൾ.
വരുന്ന മഴക്കാലം മുതൽ ഇനി കോളനിയും പുറംലോകവുമായുള്ള ബന്ധം ഇല്ലാതാകുന്ന സ്ഥിതി ഒഴിവാകുമെന്ന ആശ്വാസത്തിലാണ് കാടർ വിഭാഗത്തിലുള്ള ഇവിടത്തെ അന്പത്തഞ്ചിലേറെ കുടുംബങ്ങളും.പാലത്തിന്റെ പെയിന്റിംഗ് പണികളാണ് ഇപ്പോൾ നടക്കുന്നത്. അപ്രോച്ച് റോഡുകളുടെയും പ്രവൃത്തികൾ പൂർത്തിയായി.
പാലത്തിന്റെ ഇരുഭാഗത്തും കൈവരികൾകൂടി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ അതിനു വേണ്ട നടപടികൂടി സ്വീകരിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അപകട സാധ്യത ഏറെയാണ്. കോളനിയിൽനിന്നും വരുന്പോൾ കുത്തനെയുള്ള ഇറക്കമാണ്.
ഇതിനാൽ വാഹനത്തിന്റെ ഗതിമാറി തോട്ടിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.പാലത്തിന്റെ നീളം കുറയ്ക്കാൻ തോടിന്റെ വീതി കുറഞ്ഞ ഭാഗത്തു പാലം നിർമിച്ചിട്ടുള്ളതിനാൽ റോഡിൽനിന്നും കുറച്ചു ചെരിഞ്ഞ നിലയിലാണ് പാലം. ഇത് വാഹനങ്ങൾ പാലത്തിൽ കയറുംമുന്പേ തെന്നിപ്പോകുന്നതിനു കാരണമാകും. മഴക്കാലത്ത് അപകട സാധ്യത കൂടും.
എന്തായാലും ഈ ചരിത്രമുഹൂർത്തത്തെ ഏറെ ആഹ്ലാദകരമായാണ് ആദിവാസികളും നോക്കി കാണുന്നത്.26 മീറ്റർ നീളം വരുന്നതാണ് പാലം. നാല് പില്ലറുകളിലാണ് നിർമാണം. മൂന്നര മീറ്റർ ഉയരവും അതിൽ കൂടുതൽ വീതിയും പാലത്തിനുണ്ട്. തോടിന് മറുഭാഗത്ത് നിലവിലുള്ള റോഡിന്റെ കുത്തനെയുള്ള കയറ്റം കുറയ്ക്കാൻ ചെരിച്ചാണ് പാലം പണിതിട്ടുള്ളത്. നിർമിതികേന്ദ്രമാണ് പാലം നിർമ്മിച്ചത്.
ഏറെക്കാലം നിലനിൽക്കുംവിധമാണ് റോഡിന്റെയും പാലത്തിന്റെയും നിർമാണമെന്ന് അധികൃതർ പറഞ്ഞു. തങ്ങളുടെ ഈ സന്തോഷത്തിൽ പങ്കുചേരാൻ ഉൗരുമൂപ്പൻ രാഘവേട്ടൻ ഇല്ലാത്തതിന്റെ വിഷമം തളികക്കല്ലുകാർക്കുണ്ട്.പ്രായാധിക്യവും രോഗങ്ങളും മൂലം ഒരു വർഷം മുന്പാണ് രാഘവേട്ടൻ മരിച്ചത്.
രാഘവേട്ടന്റെ നിരന്തരമായ ശ്രമഫലമായിട്ടാണ് കോളനിയിലേക്കുള്ള റോഡിന്റെയും പാലത്തിന്റെയും നിർമാണം നടന്നത്.കോളനിയിൽ പുതിയ 40 വീടുകൾ നിർമിക്കുന്നതും കുടിവെള്ള പദ്ധതിക്കു വഴിയായതും രാഘവേട്ടന്റെ ഇടപെടലുകളിലൂടെയായിരുന്നു.
ഉൾക്കാടുകളിൽ പലയിടത്തായി പാറയിടുക്കുകളിലും മറ്റും കഴിഞ്ഞിരുന്ന കുടുംബങ്ങളെ ഒന്നിച്ചുചേർത്ത് അവരെയെല്ലാം തളികക്കല്ലിൽ സമൂഹമായി താമസിപ്പിക്കുന്നതിനും രാഘവേട്ടൻതന്നെയായിരുന്നു മാതൃകാപരമായ നേതൃത്വം വഹിച്ചത്.
അന്നുമുതൽ തുടങ്ങിയതായിരുന്നു കടപ്പാറയിൽനിന്നുള്ള കാട്ടുവഴി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം.പോത്തംതോട്ടിൽ പാലമെങ്കിലും വന്നാൽ ചികിത്സയ്ക്കും മറ്റും കാൽനടയായെങ്കിലും വാഹനം എത്തുന്ന സ്ഥലത്തെത്താമെന്ന മോഹമായിരുന്നു ആദിവാസികൾക്കുണ്ടായിരുന്നത്.
2004 ഓഗസ്റ്റ് അഞ്ചിന് തോടുമുറിച്ച് കടക്കുന്നതിനിടെ മലവെള്ളത്തിന്റെ ഒഴുക്കിൽപ്പെട്ട് ഏഴുവയസുകാരി മരിക്കാനിടയായ സംഭവം കോളനിക്കാരുടെ ആവശ്യത്തിന് അധികൃതരുടെ കണ്ണുതുറക്കാൻ കാരണമായി.തൃശൂർ വെള്ളിക്കുളങ്ങരയ്ക്കടുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ രാമന്റെ മകൾ മിനിമോളാണ് അന്ന് ഒഴുക്കിൽപ്പെട്ട് മരിച്ചത്.
തളികക്കല്ലിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു മിനിമോൾ.ഈ സംഭവത്തോടെ പോത്തംതോട്ടിൽ പാലം എന്ന ആവശ്യത്തിനു ചൂട് പകർന്നു.ഇതേത്തുടർന്ന് 2007 ജൂണിൽ വനം വകുപ്പ് നേരിട്ട് കോളനിയിലേക്കു റോഡും പാലവും നിർമിക്കാൻ പണി തുടങ്ങി.
എന്നാൽ ആ വർഷംതന്നെ ജൂലൈയിലുണ്ടായ അതിവർഷത്തിൽ നിർമിച്ച റോഡ് മലവെള്ളത്തിൽ ഒലിച്ചുപോയി. അതോടെ വനം വകുപ്പും പണികൾ നിർത്തിവച്ചു. മൂപ്പൻ രാഘവൻ റോഡിനായുള്ളെ തന്റെ ശ്രമങ്ങൾ തുടർന്നു.വാർഡ് മെന്പർ മുതൽ പ്രധാനമന്ത്രി വരെയുള്ളവർക്കെല്ലാം നിവേദനങ്ങളുമായി വിവിധ ഓഫീസുകൾ കയറിയിറങ്ങി.
ഒടുവിൽ മൂപ്പൻ അടിസ്ഥാന സൗകര്യ വികസനത്തിനായി കോടതിയെ സമീപിച്ചാണ് ഒരു വർഷം മുന്പ് കോളനി വികസനത്തിനായി അഞ്ചുകോടി രൂപ അനുവദിച്ചത്.കോളനിയിൽ വീടുകളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്.