വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് കടപ്പാറയിൽനിന്നും വനത്തിനുള്ളിലുള്ള തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡുനിർമാണവും പാലം പണിയും പൂർത്തിയാക്കാൻ ഒന്നേകാൽ കോടി രൂപയുടെ അഡ്മിനിസ്ട്രേറ്റീവ് അനുമതി കിട്ടി സാങ്കേതികാനുമതി കാത്തിരിക്കുകയാണെന്ന് പട്ടികവർഗ വികസന ക്ഷേമവകുപ്പ് അധികൃതർ അറിയിച്ചു.
സ്റ്റേറ്റ് നിർമിതികേന്ദ്രമാണ് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നത്. പട്ടികവർഗവികസന ക്ഷേമവകുപ്പിൽ നിന്നാണ് ഫണ്ട് അനുവദിക്കുക. കടപ്പാറയിൽനിന്നും നാല് കിലോമീറ്റർ വരുന്ന റോഡിന്റെ പണി രണ്ടുവർഷംമുന്പേ ഏതാണ്ട് പൂർത്തിയായി കിടക്കുന്നതാണ്.
കോളനിക്കടുത്തുള്ള 300 മീറ്റർ ദൂരമാണ് ഇനി ടൈൽസ് പതിച്ച് പൂർത്തീകരിക്കാനുള്ളത്. റോഡിലുള്ള പോത്തംതോട് കാട്ടുചോലയ്ക്ക് കുറുകെയുള്ള പാലം നിർമാണമാണ് പ്രധാനമായും ശേഷിച്ചിട്ടുള്ളത്.
നേരത്തെ തയാറാക്കിയ പ്ലാനിൽനിന്നും വ്യത്യസ്തമായി കുറച്ചുകൂടി നീളം കൂടുന്നതാകും പാലമെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.രാജീവ് പറഞ്ഞു.
ചെരിഞ്ഞ രീതിയിലുള്ളതാണ് പാലത്തിന്റെ പുതിയ പ്ലാൻ. 2007ൽ വനംവകുപ്പ് തന്നെ നേരിട്ട് കാപ്പാറയിൽനിന്നും കോളനിയിലേക്ക് റോഡുനിർമാണത്തിന് തുടക്കംകുറിച്ചിരുന്നെങ്കിലും ആ വർഷമുണ്ടായ അതിവർഷത്തിലെ മലവെള്ളപാച്ചിലിൽ ഭാഗികമായി നിർമിച്ച റോഡ് ഒലിച്ചുപോയി.
പിന്നെ പണികൾ നടന്നില്ല. അന്നത്തെ വനംവകുപ്പു മന്ത്രിയായിരുന്ന ബിനോയ് വിശ്വം കടപ്പാറയിലെത്തിയായിരുന്നു റോഡിന്റെ നിർമാണോദ്ഘാടനം നടത്തിയത്.
പിന്നീട് റോഡ് പണി അനിശ്ചിതമായി മുടങ്ങിയപ്പോൾ ഉൗരുമൂപ്പൻ രാഘവൻ വാർഡ് മെംബർ മുതൽ പ്രധാനമന്ത്രിക്കുവരെ നിവേദനം നല്കിയാണ് റോഡ് നിർമാണത്തിനായി നബാർഡിൽനിന്നും രണ്ടേകാൽ കോടി രൂപ അനുവദിച്ചത്.
2016 ജനുവരിയിൽ രണ്ടാമതും റോഡ് നിർമാണോദ്ഘാടനം നടത്തി പണി തുടങ്ങി. എന്നാൽ കരാറുകാരന് യഥാസമയം ഫണ്ട് കൈമാറാതെ കരാറുകാരൻ പണി നിർത്തിവയ്ക്കുകയായിരുന്നെന്ന് പറയുന്നു.
ഇപ്പോൾ ഇത് മൂന്നാംതവണയാണ് റോഡ് പണിയും പാലം നിർമാണവും പൂർത്തിയാക്കാൻ ശ്രമം നടക്കുന്നത്. മന്ത്രി ഉൾപ്പെടെയുള്ളവർ പലതവണ നിരവധി ഉറപ്പുകളും പ്രഖ്യാപനങ്ങളും നടത്തുന്നതല്ലാതെ ഒന്നും യഥാർത്ഥ്യമാകാത്തതിനാൽ പുതിയ ഉറപ്പിലും ആദിവാസികൾക്ക് വിശ്വാസമില്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ അനുഭവം തങ്ങളെ അതാണ് പഠിപ്പിച്ചതെന്നാണ് ആദിവാസികൾ പറയുന്നത്. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പോത്തംതോട് കാട്ടുചോല കടക്കൽ പ്രാണനടക്കി പിടിച്ചാണ്. ചോലയ്ക്ക് മുകളിൽ മരതടികൾ കെട്ടിവച്ചാണ് ഇപ്പോൾ തോട് കടക്കുന്നത്.
കാൽ വഴുതി കുത്തൊഴുക്കുള്ള തോട്ടിൽവീണ് നിരവധിപേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. 2014 ഓഗസ്റ്റിൽ വീട്ടുകാർക്കൊപ്പം തോടുകടയ്ക്കുന്നതിനിടെ ഏഴു വയസുള്ള പെണ്കുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
പക്ഷെ, അധികാരികൾ അപ്പോഴും കണ്ണുതുറന്നില്ല. ആദിവാസികൾക്കായി പാലവും റോഡും വന്നാൽ അത് സമീപത്തെ നാട്ടുകാർക്കും പ്രയോജനമാകില്ലേ എന്ന സങ്കുചിത ചിന്തകളും വികസനം വൈകാൻ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്.
പത്തും പന്ത്രണ്ടും വർഷംമുന്പ് കോളനിയിൽ നിർമിച്ച 38 വീടുകൾ പുതുക്കിപണിയാൻ 288 ലക്ഷം രൂപ വകുപ്പിൽനിന്നും അനുവദിച്ചിട്ടുള്ളതായും ടിഇഒ പറഞ്ഞു. അങ്കണവാടി കെട്ടിടം, കുടിവെള്ളം തുടങ്ങിയവ യഥാർത്ഥ്യമാക്കാനും പദ്ധതിയുണ്ട്.
ഹൈക്കോടതിയുടെയും അതുവഴി ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെയും നിരന്തരമായ മോണിറ്ററിംഗ് നടക്കുന്നതിനാൽ വൈകാതെ തന്നെ പണികൾ തുടങ്ങി പൂർത്തിയാക്കുമെന്ന ഉറപ്പും വകുപ്പ് അധികൃതർ നല്കുന്നുണ്ട്.
എന്തായാലും പുതിയ ഉറപ്പുകളുടെ സ്ഥിതി എന്താകുമെന്ന് കാത്തിരുന്ന് കാണാം എന്നു മാത്രമേ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാനാകു.