എടക്കര: ഹൃദ്രോഗിയായ യുവാവിന്റെ ചികിത്സാ സഹായത്തിനു നൽകിയ താലിമാല ദന്പതിമാർക്ക് പെരുന്നാൾ സമ്മാനമായി തിരികെ വാങ്ങിനൽകി വിദേശ മലയാളി.
പോത്തുകല്ലിലെ സച്ചിൻ-ഭവ്യ ദന്പതിമാർ വെളുന്പിയംപാടം സ്വദേശിയായ യുവാവിന്റെ ചികിത്സയ്ക്ക് നൽകിയ താലിമാലയാണ് ചികിത്സാ കമ്മിറ്റിയിൽ നിന്നു വില നൽകി വാങ്ങി വെളുന്പിയംപാടം സ്വദേശി ഭവ്യക്ക് പെരുന്നാൾ സമ്മാനമായി നൽകിയത്.
അർബുദ രോഗിയായിരുന്ന ഭവ്യക്ക് നാടൊന്നിച്ച്, ഒരേ മനസോടെ ആവശ്യമായ ചികിത്സാ സഹായങ്ങൾ നൽകിയിരുന്നു.
നാടിന്റെയും സുമനസുകളുടെയും പ്രാർഥനയാൽ ഭവ്യയുടെ അസുഖം ഭേദപ്പെട്ടുവരികയാണ്. ഇതിനിടെയാണ് ഹൃദ്രോഗിയായ പോത്തുകൽ സ്വദേശിയുടെ ചികിത്സയ്ക്കായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചത്.
ഈ വിവരം സച്ചിനും ഭവ്യയും അറിഞ്ഞു. തുടർന്നു യാതൊരു സങ്കോചവുമില്ലാതെ ഭവ്യയുടെ താലിമാല ചികിത്സാ സഹായത്തിലേക്കു നൽകി.
എന്നാൽ സച്ചിനെയും ഭവ്യയെയും അന്പരപ്പിച്ചുകൊണ്ട് അതേ താലിമാല ചികിത്സാ കമ്മിറ്റിയിൽ നിന്നു വിലകൊടുത്തു വാങ്ങി തിരിച്ചു നൽകിയിരിക്കുകയാണ് വെളുന്പിയംപാടത്തെ അബൂട്ടിയെന്ന വിദേശ മലയാളി.
പെരുന്നാൾ ദിവസം രാവിലെ അബൂട്ടി വിദേശത്തു നിന്നു സച്ചിനെ ഫോണിൽ വിളിച്ച് വെളുന്പിയംപാടത്തെ തറവാട്ടു വീട്ടിൽ എത്തണമെന്നു ആവശ്യപ്പെടുകയായിരുന്നു.
പെരുന്നളല്ലേ, ഭവ്യയെയും കൂട്ടി വീട്ടിൽ പോയി പായസമൊക്കെ കഴിച്ചു പോരാം. മറക്കാതെ പോകണം. കുറച്ച് കഴിയുന്പോൾ ജ്യേഷ്ഠൻ വിളിക്കുമെന്നു അബൂട്ടി പറഞ്ഞു.
പറഞ്ഞു തീരും മുന്പു അബൂട്ടിയുടെ ജ്യേഷ്ഠന്റെയും വിളി വന്നു. നാട്ടിലെ പെരുന്നാൾ സൽക്കാരങ്ങൾ കഴിഞ്ഞ സച്ചിനും ഭവ്യയും അബൂട്ടിയുടെ വീട്ടിൽ ഉച്ചക്ക് ശേഷമെത്തി.
പായസം കഴിച്ചു സ്നേഹ സംഭഷണങ്ങൾ കഴിഞ്ഞ് മടങ്ങാനൊരുങ്ങുന്പോൾ അബൂട്ടിയുടെ കുടുംബം ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞു ഒരു ബോക്സിൽ നിന്നു സ്വർണമാല സച്ചിനും ഭവ്യക്കും നേരെ നീട്ടി.
ഇതു നിങ്ങൾക്കുള്ളതാണ്. ഇതു വാങ്ങിക്കണമെന്ന് കുടുംബമൊന്നാകെ അവരോടാവശ്യപ്പെട്ടു.
മാല വാങ്ങിയ ഭവ്യയും സച്ചിനും ആകെ തരിച്ചുപോയി. കുറച്ച് ദിവസം മുന്പ് നിറമനസോടെ ഭവ്യ നിർധന യുവാവിനു വേണ്ടി ഊരി നൽകിയ അതേ താലിമാലയായിരുന്നു അത്.
മനുഷ്യസ്നേഹത്തിന് മുന്നിൽ തലകുനിച്ചാണ് സച്ചിനും ഭവ്യയും തിരികെപ്പോയത്.