കെ.പി.രാജീവൻ
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത് 2015 ഡിസംബര്‍ 23 നാണ്. ചികിത്സാ സൗകര്യങ്ങൾ വര്‍ധിക്കുന്നതും കൂടുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതുമെല്ലാം ജനം സ്വപ്നം കണ്ടുവെങ്കിലും പ്രഖ്യാപനത്തിന്റെ ഒന്നാം പിറന്നാൾ കഴിഞ്ഞിട്ടും ജില്ലാ ആശുപത്രി എന്ന കുട്ടി മാത്രം പിറന്നില്ല.
1965ൽ ഉദ്ഘാടനം ചെയ്ത ആശുപത്രിക്ക് താലൂക്ക് ആശുപത്രി പദവി ബോര്‍ഡില്‍ മാത്രമേയുള്ളൂ. സംസ്ഥാനത്തെ മറ്റ് താലൂക്ക് ആശുപത്രികളുമായി തട്ടിച്ചുനോക്കിയാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സൗകര്യങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. അടിസ്ഥാന സൗകര്യവികസനം കൂടി കണക്കിലെടുത്താണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന കെ.സി.ജോസഫ് ആശുപത്രി സന്ദര്‍ശിക്കുകയും ജനപ്രതിനിധികളുമായും നാട്ടുകാരുമായും സംസാരിച്ച് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.
എന്നാല്‍, ജനറല്‍ ആശുപത്രിയായി പ്രഖ്യാപിക്കുന്നതിന് പകരം ജില്ലാ ആശുപത്രിയാക്കിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയായിരുന്നു. നിലവിലുള്ള നിയമപ്രകാരം ജില്ലാ പഞ്ചായത്തിനാണ് ജില്ലാ ആശുപത്രിയുടെ നടത്തിപ്പ് ചുമതല. എന്നാൽ രണ്ട് ജില്ലാ ആശുപത്രികള്‍ വരുന്നതോടെ ആവശ്യമായ ഫണ്ട് നല്കാന് ജില്ലാ പഞ്ചായത്തിന് കഴിയാതെ വരും. നിലവിൽ ആശുപത്രി ഭരണം നിർവഹിക്കുന്ന തളിപ്പറമ്പ് നഗരസഭയ്ക്ക് നടത്തിപ്പ് ഏറ്റെടുക്കാന്‍ പറ്റാതാവുകയും ചെയ്യും
. ഇക്കാരണങ്ങളാൽ ത്രിശങ്കുവിലായ സര്‍ക്കാര്‍ ജില്ലാ ആശുപത്രി എന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി രഹസ്യമായി പിന്മാറുകയായിരുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. അരനൂറ്റാണ്ട് പിന്നിട്ട ആശുപത്രിയില്‍ 171 ബെഡുകളാണുള്ളത്. 23 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് 20 പേരാണുള്ളത്. രണ്ടുപേര്‍ പ്രസവാവധിയിലാണ്. ദിവസവും ശരാശരി 800 രോഗികൾ ഒപിയിലെത്തുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന താലൂക്ക് ആശുപത്രികളിലൊന്നാണിതെങ്കിലും പ്രസവവാര്‍ഡിന്റെ സ്ഥിതി ദയനീയമാണ്.
ഒരു ബെഡില്‍ രണ്ട് ഗര്‍ഭിണികള്‍ വരെ കിടക്കേണ്ടി വരുന്നത് നിത്യകാഴ്ചയാണ്. അഞ്ച് നിലകളിലായുള്ള അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നത് ആശ്വാസമാണെങ്കിലും അശാസ്ത്രീയമായി നിർമിച്ച പഴയ വാര്‍ഡുകള്‍ പൊളിച്ചുനീക്കി നാലോ അഞ്ചോ നിലകളില്‍ ആധുനിക സൗകര്യത്തോടെ കെട്ടിടങ്ങള്‍ പണിതാല്‍ മാത്രമേ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും പരിഹാരമാവുകയുള്ളൂ.
എന്നാല്‍, ഇതുസംബന്ധിച്ച ആലോചനകള്‍ പോലും ബന്ധപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുന്നില്ല. ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയാല്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ ഏതാണ്ട് 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാമെന്നിരിക്കെ അതിനുള്ള തടസം എന്താണന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പറയുന്നില്ല. 1991 ന് ശേഷം ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിനുള്ള സൗകര്യവുമില്ല. മറ്റ് താലൂക്ക് ആശുപത്രികളില്‍ ഈ സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും തളിപ്പറമ്പിന് നിഷേധിക്കപ്പെടുകയാണ്.