തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ പലചരക്ക് കടയില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ഷാഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള അക്ബര്‍ ട്രേഡേഴ്സിലാണ് തീപിടിത്തമുണ്ടായത്. കട പൂര്‍ണമായും കത്തി നശിച്ചു.
ഫയര്‍ഫോഴ്സും പോലീസും വ്യാപാരികളും ചേര്‍ന്ന് കൃത്യസമയത്ത് തീയണച്ചതിനാല്‍ കൂടുതല്‍ ദുരന്തമൊഴിവാക്കാനായി. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ അർധരാത്രി 12.45 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. പയ്യന്നൂരില്‍നിന്ന് ഒരു യൂണിറ്റും കണ്ണൂര്‍, തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനുകളില്‍നിന്നു രണ്ടു വീതം യൂണിറ്റും എത്തിയാണ് തീയണച്ചത്. കടകളിലെ മൊത്തം സാധനങ്ങള്‍ കത്തി നശിച്ചിരുന്നു.
ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സിന്റെ അഞ്ചുയൂണിറ്റ് വാഹനങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്.
തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ സി.പി. രാജേഷ്, അസി.സ്റ്റേഷന് ഓഫീസര്‍ ടി.അജയന്, കണ്ണൂര്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്ത്, സ്റ്റേഷന് ഓഫീസര്‍ ടിപി. ധനേഷ്, പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ പി.സജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം അഞ്ചു മണിക്കൂറുകളോളം സമയമെടുത്താണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.
രാവിലെ ഒൻപതോടെ വീണ്ടും പുക ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കി. തുടർന്ന് തളിപ്പറമ്പിലെ അഗ്നിശമന സേന സ്ഥലത്തെത്തി കനലുകൾ കെടുത്തുകയായിരുന്നു.
സമീപത്ത് പടക്കക്കട: ഒഴിവായത് വൻ ദുരന്തം
മാർക്കറ്റിൽ തീപിടിത്തമുണ്ടായ അക്ബർ ട്രേഡേഴ്സിന്റെ സമീപത്തുണ്ടായിരുന്നത് പടക്കക്കട. സമീപത്തെ വ്യാപാരികളുടെ സമയോചിതമായ ഇടപെടലിൽ തളിപ്പറമ്പിനെതന്നെ നടുക്കിക്കളയുന്ന വൻ ദുരന്തമാണ് ഒഴിവായത്.
തീപിടിത്തം ശ്രദ്ധയിൽ പ്പെട ഉടൻതന്നെ വ്യാപാരികൾ സമീപത്തെ പടക്കക്കടയിൽനിന്ന് പടക്കങ്ങൾ ദൂരേക്ക് മാറ്റുകയായിരുന്നു.
സ്വന്തം ജീവൻ വച്ച് വ്യാപാരികൾ നടത്തിയ പ്രവൃത്തിയാണ് തളിപ്പറമ്പ് മാർക്കറ്റിനെ നാമാവശേഷമാകാതെ രക്ഷിച്ചത്.