തളിപ്പറമ്പ്: പഴയങ്ങാടി ടൗണിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍നിന്നും പട്ടാപ്പകല്‍ 3.7 കിലോ സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ച്ചചെയ്ത കേസില്‍ പുതിയങ്ങാടി സ്വദേശിയായ യുവാവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യംചെയ്തുവരികയാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുതിയങ്ങാടി, പഴയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളിലെ ആയിരത്തിലധികം ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് ചില സൂചനകള്‍ ലഭിച്ചത്. മാട്ടൂല്‍ സ്വദേശിക്ക് പഴയങ്ങാടിയില്‍നിന്നും പോയ ഒരു ഫോണ്‍വിളിയാണ് അന്വേഷണസംഘത്തിനു നിര്‍ണായക സൂചനകൾ ലഭിക്കാൻ സഹായിച്ചത്.
ഇതുവരെയായി അന്വേഷണസംഘം 20 ലേറെ പേരെ ചോദ്യംചെയ്തു.പഴയങ്ങാടിയിലെ ഒരു കടക്കാരനെയും പുതിയങ്ങാടിയിലെ ഒരു യുവാവിനെയും അന്വേഷണസംഘം രണ്ടു ദിവസം മാറിമാറി ചോദ്യംചെയ്തതില്‍നിന്നാണ് നിർണായക സൂചനകൾ ലഭിച്ചത്. ഓട്ടോറിക്ഷാഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ രേഖാചിത്രവും നിര്‍ണായകമായി.
നേരത്തെ പലതവണ കവര്‍ച്ചാസംഘം ജ്വല്ലറിയുടെ പരിസരം നിരീക്ഷിച്ചാണു കവര്‍ച്ച ആസൂത്രണം ചെയ്തതെന്നായിരുന്നു പോലീസ് നിഗമനം. കവര്ച്ചാസംഘത്തില്പ്പെട്ടവര് ഒന്നിലധികം തവണ ജ്വല്ലറിയില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ പഠിച്ചിരുന്നതായി കവര്ച്ചാരീതിയിൽനിന്നും വ്യക്തമാണ്.
25 മിനിറ്റുകൊണ്ടാണ് സംഘം കവര്‍ച്ച നടത്തി സ്ഥലംവിട്ടത്. കവര്‍ച്ചാസംഘത്തിലെ രണ്ടുപേര്‍ കറുത്ത സ്കൂട്ടറില്‍ മോഷണമുതലുമായി പോകുന്ന ദൃശ്യം പുറത്തുവിട്ടതിനുപിന്നാലെ കവര്‍ച്ചക്കാര്‍ പഴയങ്ങാടിയില്‍ എത്തിയ ദൃശ്യവും അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി നിരവധി വസ്ത്രങ്ങള്‍ ധരിച്ച് നല്ല തടി തോന്നിക്കുന്ന രീതിയിലായിരുന്നു കവർച്ചക്കാർ എത്തിയിരുന്നത്.
മൂന്നംഗസംഘമാണു കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും ഇതിലൊരാള്‍ പെരുന്നാളിനുശേഷം സ്വര്‍ണാഭരണങ്ങളുമായി ബംഗളൂരുവിലേക്കു കടന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടിന് ഉച്ചയ്ക്കാണ് പഴയങ്ങാടിയിലെ അല്‍ഫത്തീബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.