തളിപ്പറമ്പ്: പറശിനിക്കടവിലെ ലോഡ്ജില്‍ മൂന്നുപേര്‍ ചേര്‍ന്ന് 16 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് മാനഭംഗം ചെയ്ത സംഭവത്തില്‍ 2 പേര് കസ്റ്റഡിയില്‍, കൂട്ടുപ്രതിയേയും ഒത്താശചെയ്ത സ്ത്രീയേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം. കണ്ണൂരിലെ ഒരു സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീ പ്രലോഭിപ്പിച്ച് മൂന്ന്പേര്‍ക്ക് കാഴ്ച്ചവെച്ചതെന്നാണ് പരാതി.
കഴിഞ്ഞ നവംബര്‍ 13 ന് പുതിയതെരുവില്‍ വെച്ച് ഈ സ്ത്രീയും ഒരു യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി പറശിനിക്കടവിലെ ഒരു ലോഡ്ജിലെ മുറിയിലെത്തിക്കുകയും അവിടെവെച്ച് യുവാവ് ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഫേസ്ബുക്ക് വഴി ചാറ്റ്ചെയ്തതിന്റെ വീഡിയോ എല്ലാവര്ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 19 ന് വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തി.
പിന്നീട് ഒത്താശചെയ്ത സ്ത്രീയും യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടശേഷം, ഇവര്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ മറ്റ് രണ്ടുപേര്‍ ചേര്‍ന്ന് മാറിമാറി പീഡിപ്പിച്ചു ചെയ്തുവെന്നുമാണ് പരാതി.
കണ്ണൂര്‍ വനിതാ സിഐക്ക് പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ തളിപ്പറമ്പിലേക്ക് റഫര്‍ ചെയ്തത് പ്രകാരം ഇന്നലെ രാത്രിതന്നെ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് ഇന്നലെ രാത്രി തന്നെ രണ്ട് പ്രതികളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒത്താശക്കാരിയായ യുവതിയും കസ്റ്റഡിയിലാണെന്ന് സൂചനയുണ്ടെങ്കിലും പോലീസ് സ്ഥിരീകരിക്കുന്നില്ല. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവാനും സാധ്യതയുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. പോലീസ് ചോദ്യംചെയ്തുവരുന്ന പ്രതികളുടെ അറസ്റ്റ് ഇന്നുതന്നെ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.