തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആദ്യത്തെ സിനിമാ നായകനടനും തളിപ്പറമ്പിന്റെ നാമം വെള്ളിത്തിരയിൽ എത്തിച്ച പ്രശസ്ത നടൻ രാഘവന് ഇന്ന് 82-ാം ജൻമദിനം. ചലച്ചിത്രരംഗത്ത് 55 വര്‍ഷവും അദ്ദേഹം പൂര്‍ത്തിയാക്കുന്നു. 1941 ഡിസംബര്‍ പന്ത്രണ്ടിന് കണ്ണൂരിലെ തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ ആലിങ്കീല്‍ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി ജനിച്ച രാഘവന് എഴുപതുകളിലും എൺപതുകളിലും മലയാള സിനിമകളിലെ അവിഭാജ്യ ഘടകം ആയിരുന്നു.
ചെറുപ്പത്തിലെ അഭിനയവും അരങ്ങും ജീവിതമാക്കിയ രാഘവന് പ്രീയൂണിവേഴ്സിറ്റി കഴിഞ്ഞ ശേഷം രണ്ട് വര്‍ഷം ടാഗോര്‍ കലാ സമിതിയില്‍ നടനായി ചേര്‍ന്നു. മംഗളൂരു, കൂര്‍ഗ്, മര്‍ക്കാറാ തുടങ്ങി കേരളത്തിന് പുറത്തും നാടകം അവതരിപ്പിച്ചു. പിന്നീട് ലോകമറിഞ്ഞ ജി.വി അയ്യരുടെ സഹായിയായി. കന്നടയില്‍ ” ഓരുകെ മഹാസഭ്യ’ എന്ന ഒരു സിനിമ ചെയ്തു. പിന്നീട് “ചൌക്കട ദീപ’ എന്ന കന്നഡ സിനിമയില്‍ നായകനായി.
1968 ല്‍ പുറത്തു വന്ന “കായല്‍ക്കരയില്‍’ ആണ് രാഘവന്റെ ആദ്യ മലയാള ചിത്രം. തുടര്‍ന്ന് “അഭയം’ “ചെമ്പരത്തി ‘ എന്നീ ചിത്രങ്ങള്‍ കൂടി ആയപ്പോള്‍ രാഘവനെ മലയാള സിനിമക്ക് മാറ്റി നിര്‍ത്താന്‍ വയ്യാതായി. അന്നത്തെ പ്രമുഖ സംവിധായകരുടെ നിരവധി സിനിമകളില്‍ നായകനായും ഉപനായകനായും മിന്നിത്തിളങ്ങിയ രാഘവന് അതിവേഗം ജനപ്രിയനടനായി മാറി. പെരിയാര്‍, ആരാധിക, പ്രേതങ്ങളുടെ താഴ്വര, ചായം, കാമിനി, സപ്തസ്വരങ്ങല്, മോഹം, നഗരം സാഗരം, ഭൂഗോളം തിരിയുന്നു, സ്വര്‍ണ്ണവിഗ്രഹം, ഭാര്യ ഇല്ലാത്ത രാത്രി, ശുക്രദശ, ബലപരീക്ഷണം, ദര്‍ശനം എന്നീ സിനിമകളില്‍ നായകനായിരുന്നു.
ചെമ്പരത്തിയിലെ ചക്രവര്‍ത്തിനി എന്ന പ്രശസ്ത ഗാനരംഗത്ത് അഭിനയിച്ചത് രാഘവനാണ്. ഭാര്യ-ശോഭ. നമ്മള് എന്ന സിനിമയിലൂടെ രംഗത്തുവന്ന പ്രശസ്ത നടൻ പരേതനായ ജിഷ്ണു മകനാണ്, മകള്‍ ജ്യോത്സ്ന. അഭിനയരംഗത്ത് ഇപ്പോഴും തുടരുന്ന രാഘവന്റെ ഏറ്റവും പുതിയ സിനിമ 2022 ലെ ” കര്‍മ്മസാഗരം വിശുദ്ധ ചാവറയച്ചന് എന്നതാണ്. ആകെ 123 സിനിമകളില്‍ അഭിനയിച്ച രാഘവന് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്കിയ സംവിധായകന് ഐ.വി ശശിയാണ്. 2019 ൽ മികച്ച നടനുള്ള കേരള സർക്കാരിന്റെ ടെലിഷൻ അവാർഡ് ദേഹാന്തരം എന്ന സീരിയലിലെ അഭിനയത്തിന് ഇദേഹത്തിന് ലഭിച്ചിരുന്നു ഇതിനു പുറമെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.