തളിപ്പറമ്പ്: പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് 31 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നു പേർക്കെതിരേ തളിപ്പറന്പ് പോലീസ് കേസെടുത്തു.
രാജേഷ് നമ്പ്യാർ, ഇയാളുടെ കൂട്ടാളികളായ വിഘ്നേഷ് നമ്പ്യാർ, സി.കെ. ജിതിൻ പ്രകാശ് എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്.
പറശിനിക്കടവ് സ്വദേശി കെ. ദേവരാജന്റെ(56) പരാതിയിലാണ് കേസ്. ആംഷെ ടെക്നോളജി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് 31,05,000 ഉം മകൾക്ക് ഉയർന്ന ശന്പളത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് ആറുലക്ഷവും വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
2022 മാർച്ച് 21 മുതൽ ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകളിൽ നിന്ന് തവണകളായി പണം കൈപറ്റിയെങ്കിലും ലാഭവിഹിതമോ മകൾക്ക് ജോലിയോ നൽകാതെ വഞ്ചിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രാജേഷ് നമ്പ്യാർക്കും കൂട്ടാളികൾക്കുമെതിരേ തളിപ്പറമ്പ് കാക്കാഞ്ചാലിലെ എ.പി. ശിവദാസനെ 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് മെയ്-21 ന് തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു.