സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തലേദിവസം രാത്രിയില്‍ തന്നെ സ്കൂളിലെത്തി തമ്പടിച്ച വാര്‍ത്ത ഇതുവരെയും ആരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഇങ്ങനെയൊരത്ഭുതം നടന്നത്.
സ്കൂളില്‍ വ്യാഴാഴ്ച നടക്കുന്ന അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിനാണ് ബുധനാഴ്ച രാത്രി തന്നെ രക്ഷിതാക്കള്‍ എത്തിയത്. രാത്രി 18 പേരാണ് ഇത്തരത്തില്‍ എത്തിയത്. രാവിലെ 6.45 ഓടെ ഇത് ഇരുന്നൂറില്‍ ഏറെയായി. ഇത്രയും കാലം പ്രവേശന പരീക്ഷയിലൂടെയാണ് ഇവിടെ പ്രവേശനം നടത്തിയിരുന്നത്. നിരന്തര പരാതികളുടെ അടിസ്ഥാനത്തില്‍ ഇത്തവണ പ്രവേശന പരീക്ഷ നിര്‍ത്തലാക്കിയിരുന്നു.
എസ്എസ്എല്‍സി പരീക്ഷയില്‍ സ്ഥിരമായി നൂറ് ശതമാനം വിജയം നേടുന്ന സ്കൂളാണിത്. 50 ശതമാനത്തിലേറെ പേര്‍ക്കെങ്കിലും ഡിസ്റ്റിംഗ്ഷനും ലഭിക്കും. അധ്യാപകര്‍ക്ക് പ്രത്യേക അലവന്‍സ് ലഭിക്കുന്ന സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്. കളക്ടര്‍ ചെയര്‍മാനായ സമിതിയാണ് സ്കൂള്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
ആകെ നൂറ് സീറ്റുകളാണ് ഇവിടെ അഞ്ചാം ക്ലാസില്‍ ഉള്ളത്. അഞ്ഞൂറോളം പേര് ഇന്ന് പ്രവേശനത്തിന് എത്തുമെന്നാണ് സൂചന. എട്ടാം ക്ലാസ് പ്രവേശനം പിന്നീടാണ്. രക്ഷിതാക്കളുടെ തള്ളിക്കയറ്റം ഉണ്ടായതോടെ സ്കൂള്‍ അധികൃതര്‍ പോലീസിന്റെ സഹായം തേടുകയും ചെയ്തു.