തളിപ്പറമ്പ്: ഒരു നൂറ്റാണ്ട് പിന്നിട്ട് ചരിത്രത്തിലിടം നേടിയ തളിപ്പറന്പ് താലൂക്ക് ഓഫീസ് അപകടാവസ്ഥയിൽ. മഴയാരംഭിച്ചതോടെ ഓഫീസ് ചോർന്നൊലിക്കുകയാണ്. 1910 ൽ നിർമിച്ച നിലവിലുള്ള തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തിന് ഇപ്പോൾ 109 വർഷത്തെ പഴക്കമുണ്ട്. കനത്ത ചോർച്ച കാരണം ബക്കറ്റുകളും പാത്രങ്ങളും കുപ്പികളും നിരത്തിയും തുണി വിരിച്ചുമാണ് ജീവനക്കാർ വെള്ളം ശേഖരിച്ച് പുറത്ത് കളയുന്നത്.
കംപ്യൂട്ടറുകളുടെയും പ്രധാന ഫയലുകളുടെയും മുകളിൽ പ്ലാസ്റ്റിക്ക് ഷീറ്റുകളും പ്ലാസ്റ്റിക്ക് ബാഗുകളും പൊതിഞ്ഞു വച്ചാണ് ഇവയെ സംരക്ഷിക്കുന്നത്. ബ്രിട്ടീഷുകാർ നിർമിച്ച നിലവിലുള്ള താലൂക്ക് ഓഫീസിന് കാര്യമായ അറ്റകുറ്റപ്പണികളൊന്നും ഇതേ വരെ നടന്നിട്ടില്ല.
10 വർഷം മുമ്പ് ഒരു ചോർച്ചയടക്കൽ നടത്തിയതൊഴിച്ചാൽ കാര്യമായ മറ്റു പണിളൊന്നും നടത്തിയിട്ടില്ല. മേൽക്കൂരയുടെ പല ഭാഗങ്ങളും തകർച്ചയിലാണ്. ഇത് സാധാരണ അറ്റകുറ്റപ്പണികൾ കൊണ്ടൊന്നും നന്നാക്കിയെടുക്കാനാവില്ലെന്നാണ് പൊതുമരാമത്ത് ബിൽഡിംഗ്സ് വിഭാഗം പറയുന്നത്.
2011 ൽ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമ്പോൾ താലൂക്ക് ഓഫീസിന്റെ അറ്റകുറ്റപണിയെ കുറിച്ച് ആലോചിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
താലൂക്ക് ഓഫീസിന് മാത്രമായി പുതിയ റവന്യു ടവർ കെട്ടിടം നിർമിക്കാനും 109 വർഷം പഴക്കമുള്ള താലൂക്ക് ഓഫീസ് കെട്ടിടം പൈത്യക സ്മാരകമായി മാറ്റാനുമുള്ള സമഗ്രമായ പദ്ധതി അഞ്ചു വർഷം മുമ്പുതന്നെ ജയിംസ് മാത്യു എം എൽ എ മുൻ കൈയെടുത്ത് സമർപ്പിച്ചിരുന്നു.
എന്നാൽ ഇതു സംബന്ധിച്ച നടപടിക്രമങ്ങളൊന്നും ഉണ്ടായില്ല. കനത്ത മഴയിൽ മുഴുവനായും ചോർന്നൊലിക്കുന്ന താലൂക്ക് ഓഫീസ് അടിയന്തിരമായി അറ്റകുറ്റപണി നടത്തിയില്ലെങ്കിൽ നിരവധി ഫയലുകൾക്കും കംപ്യൂട്ടറുകളും നശിക്കുമെന്നാണ് ജീവനക്കാർ പറയുന്നത്.