ഫാറൂഖാബാദ്: ഉത്തർപ്രദേശിലെ ഫാറൂഖാബാദിൽ കുട്ടികളെ ബന്ദികളാക്കിയ അക്രമിയുടെ ഭാര്യയെ നാട്ടുകാർ അടിച്ചുകൊന്നു. കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതി സുഭാഷ് ബാതത്തിന്റെ ഭാര്യയാണ് കൊല്ലപ്പെട്ടത്. ഇയാളെ വധിച്ച് കുട്ടികളെ പോലീസ് രക്ഷപെടുത്തിയിരുന്നു.
കുട്ടികളെ രക്ഷപെടുത്തിയതിനു പിന്നാലെയാണ് സുഭാഷ് ബാതത്തിന്റെ ഭാര്യയെ രോഷാകുലരായ നാട്ടുകാർ മർദിച്ചത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാറൂഖാബാദിൽ കത്താരിയ ഗ്രാമത്തിലായിരുന്നു സംഭവം.
കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ആളായിരുന്നു സുഭാഷ് ബാതം. തന്റെ ഒരു വയസുള്ള കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായാണ് ഇയാൾ കുട്ടികളെ വിളിച്ചുവരുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് 15-20 വയസ് പ്രായമുള്ള 23 കുട്ടികളെ ബന്ദിയാക്കുന്നത്.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടികൾ തിരിച്ചുവരാതിരുന്നതോടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണു കുട്ടികളെ വീട്ടിനുള്ളിൽ ബന്ദികളാക്കിയിരിക്കുകയാണെന്ന് അറിഞ്ഞത്.
കുട്ടികളെ തേടിയെത്തിയവർക്കു നേരെ സുഭാഷ് വെടിവയ്ക്കുകയും നാടൻ ബോംബെറിയുകയും ചെയ്തു. രണ്ടു പോലീസുകാർക്കും ഒരു നാട്ടുകാരനും പ രിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയോടെ പോലീസ് നടത്തിയ ഓപ്പറേഷനിൽ സുഭാഷ് ബാതത്തെ വധിച്ച് കുട്ടികളെ മോചിപ്പിച്ചു. ഇതിനു പിന്നാലെയാണ് ഇയാളുടെ ഭാര്യക്കു നേരെ കൈയേറ്റമുണ്ടായത്.