ബത്താഡ്: ഗുജറാത്തിൽ ദളിത് സർപഞ്ചിന്റെ ഭർത്താവിനെ തല്ലിക്കൊന്നു. ബത്താഡ് ജില്ലയിലെ രണ്പുർ-ബൽവാല റോഡിലാണു സംഭവം. മൻജിഭായ് സോളങ്കിയാണു ബൈക്കിൽ യാത്ര ചെയ്യവെ ആറംഗസംഘത്തിന്റെ ആക്രമണത്തിൽ ബുധനാഴ്ച കൊല്ലപ്പെട്ടത്.
യാത്ര ചെയ്യവെ ബൈക്കിൽ കാർ ഇടിപ്പിച്ചു വീഴ്ത്തിയശേഷം മർദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് മൻജിഭായ് മരിക്കുന്നതിനു മുന്പ് ബന്ധുക്കളുമായി ഫോണിൽ സംസാരിക്കവെ പറഞ്ഞു. കാറിൽ എത്തിയവരാണ് ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രണ്പുർ താലൂക്കിലെ ജലിയ ഗ്രാമത്തിലെ സർപ്പഞ്ച് ഗീത സോളങ്കിയുടെ ഭർത്താവാണ് മൻജിഭായ്. മൻജിഭായിയും ഗീതയും കഴിഞ്ഞ വർഷം പോലീസ് സംരക്ഷണം തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കത്തി ദർബാർ സമുദായത്തിൽനിന്നു ഭീഷണിയുണ്ടെന്നു കാണിച്ചായിരുന്നു പരാതി.