ലഖിംപുർ: പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിലെ പ്രതിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. കൊടും ക്രിമിനലായ രാജു ബറുവ എന്നയാളാണു കൊല്ലപ്പെട്ടത്.
ലഖിംപുർ ജില്ലയിലാണു സംഭവം. രണ്ടു ദിവസം മുന്പ് ഇയാൾ കോടതിയിൽനിന്നു രക്ഷപ്പെട്ടിരുന്നു. കിലാകിലി ഗ്രാമത്തിലെ വെള്ളച്ചാട്ടത്തിനു സമീപം ഒളിച്ചിരുന്ന ബറുവയെ നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു.
പോലീസെത്തുന്പോഴേക്കും ബറുവയെ നാട്ടുകാർ നന്നായി കൈകാര്യം ചെയ്തിരുന്നു. ബറുവയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പോലീസുകാർക്കു പരിക്കേറ്റു.
ബറുവയെ പോലീസ് സംഘം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മോഷണം, കൊലപാതകം, മാനഭംഗം തുടങ്ങിയ വകുപ്പുകളിലായി നിരവധി കേസുകൾ ബറുവയ്ക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ധാകുവഖാന ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിലെ ശുചിമുറിയിൽനിന്നു ചൊവ്വാഴ്ചയാണു ബറുവയും മറ്റു രണ്ടു പ്രതികളും രക്ഷപ്പെട്ടത്. കൂട്ടുപ്രതികളെ അന്നുതന്നെ പിടികൂടിയിരുന്നു.
ജനുവരി 22നു നോർത്ത് ലഖിംപുരിലെ ആശുപത്രിയിൽനിന്നു കൈവിലങ്ങുമായി ബറുവ രക്ഷപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനകം ഇയാളെ പിടികൂടി. 2021 സെപ്റ്റംബറിൽ പോലീസു മായുള്ള ഏറ്റുമുട്ടലിൽ ബറുവയ്ക്കു പരിക്കേറ്റിരുന്നു.