ഏറ്റുമാനൂർ: കള്ളുഷാപ്പിനു മുന്നിൽ മീൻ കച്ചവടം അനുവദിക്കാത്തതിനെത്തുടർന്ന് ഗുണ്ടാത്തലവനും സംഘവും ജീവനക്കാരെ മർദിക്കുകയും ഷാപ്പ് അടിച്ചുതകർക്കുകയും ചെയ്തു.
സംഭവത്തിൽ അതിരമ്പുഴ മമ്മിളിത്തൊടിയിൽ വിഷ്ണു വിശ്വനാഥിനെ (27) ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞശേഷം അടുത്തിടെയാണു പുറത്തിറങ്ങിയത്.
കോട്ടമുറി ടിഎസ് ആറാം നമ്പർ ഷാപ്പിൽ ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു തല്ലുമാല അരങ്ങേറിയത്. ഷാപ്പിന് മുന്പിൽ തട്ടിട്ട് മീൻകച്ചവടം നടത്താൻ അനുമതി നൽകണമെന്ന് വിഷ്ണുവിന്റെ സുഹൃത്ത് നേരത്തെ ഷാപ്പ് മാനേജരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഉടമയോടുകൂടി ആലോചിച്ച് വിവരം പറയാമെന്നായിരുന്നു മാനേജരുടെ മറുപടി. ഇതിന്റെ വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നു പറയുന്നു.
കള്ള് തരാൻ വൈകി എന്നു പറഞ്ഞു ജീവനക്കാരനെ അസഭ്യം പറയുകയും തുടർന്നു കള്ളുകുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനു ശേഷം ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടു.
പരാതിയെത്തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും വിഷ്ണുവിനെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐമാരായ ജോസഫ് ജോർജ്, ജയപ്രകാശ്, എഎസ്ഐ ഗിരീഷ്, സിപിഒ നിധിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
ഇയാൾക്ക് കുറവിലങ്ങാട്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റു പ്രതികൾക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കി.