കോട്ടയം: മരണവീടുകൾ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുന്ന സംഘത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചു.
പണത്തിനു പുറമേ സ്വർണവും സംഘം കൈക്കലാക്കിയിട്ടുണ്ട്. ഏതാനും നാൾ മുന്പ് അതിരന്പുഴയിൽ മരണപ്പെട്ട വ്യക്തിയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തശേഷം വീട്ടിൽനിന്നും സ്വർണം അപഹരിച്ചു.
ഒരു സൈനികന്റെ വീട്ടിൽനിന്നും ഇത്തരത്തിൽ സ്വർണം അപഹരിച്ച സംഭവം മാസങ്ങൾക്കു മുന്പാണ് നടന്നത്.
ഒന്നിലധികം പേർ ഉൾപ്പെടുന്ന സംഘം വിദേശത്ത് തൊഴിലുള്ളവരുടെ ബന്ധുക്കൾ മരണപ്പെടുന്പോഴാണു തട്ടിപ്പിനിറങ്ങുന്നത്.
ചടങ്ങുകളടക്കമുള്ള കാര്യങ്ങളിൽ സജീവമാകുന്ന ഇവർ മറ്റുള്ളവരുടെ ശ്രദ്ധമാറുന്പോൾ വീടിനുള്ളിൽ കടന്ന് അലമാലകളിലും മറ്റും സൂക്ഷിക്കുന്ന പണവും സ്വർണവും അപഹരിക്കുകയാണു പതിവ്.
മരണാനന്തര ചടങ്ങിനിടയിലെ മോഷണം വാർത്തയായതോടെയാണു മരണപ്പെട്ട വ്യക്തി സഹായം നൽകാമെന്നു പറഞ്ഞിരുന്നതായി അറിയിച്ചു കുടുംബാംഗങ്ങളെ സമീപിക്കുന്ന തന്ത്രവുമായി സംഘം സജീവമായത്.
അതിരന്പുഴ, ലിസ്യു, മണ്ണാർകുന്ന്, കൈപ്പുഴ തുടങ്ങിയ മേഖലകളിൽ നിരവധി മരണവീടുകളിൽ ഇതിനോടകം തട്ടിപ്പു നടത്തി.
മൃതദേഹം സംസ്കരിച്ചു രണ്ടു മൂന്നു ദിവസങ്ങൾക്കുശേഷം സ്ത്രീകൾ മാത്രം വീട്ടിലുണ്ടെന്നു ഉറപ്പാക്കി ഇവരെത്തും.
ഡ്രൈവർ മുഖാന്തരം വീട്ടുകാരെ ഓട്ടോറിക്ഷയുടെ അടുത്തേക്ക് എത്തിച്ചു മരണപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള സഹതാപം സൃഷ്ടിച്ചാണ് 3,000 മുതൽ 5,000 രൂപവരെ കരസ്ഥമാക്കി സംഘം മടങ്ങുന്നത്.
കഴിഞ്ഞദിവസം ഇത്തരത്തിൽ പണം തട്ടിയെടുക്കാൻ രണ്ടംഗ സംഘമെത്തിയ ഓട്ടോറിക്ഷയുടെ നന്പർ നാട്ടുകാർ ശേഖരിച്ചിരുന്നു.
സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മുന്പ് കോട്ടയത്തിനു സമീപമുള്ള സ്റ്റാൻഡിൽ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇവർ പാന്പാടിക്കു സമീപം കോത്തല സ്വദേശികളാണെന്നും സൂചന ലഭിച്ചിയിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു.