കായംകുളം: താലൂക്ക് ആശുപത്രിയിൽ ഏഴുവയസുകാരന്റെ തുടയിൽ സൂചി തുളച്ചുകയറിയെന്ന പരാതിയിൽ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരോട് ആരോഗ്യവകുപ്പ് വിശദീകരണം തേടി. സംഭവദിവസം ഡ്യുട്ടിയിലുണ്ടായിരുന്ന മൂന്നു ഷിഫ്റ്റിലെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.
സംഭവദിവസം അത്യാഹിത വിഭാഗത്തിൽ ചികിത്സതേടിയ മുഴുവൻ ആളുകളുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് തേടി.രോഗവിവരം, രോഗത്തിന് നൽകിയ മരുന്നുകൾ ഏതൊക്കെ തുടങ്ങി വിശദമായ റിപ്പോർട്ടാണ് തയാറാക്കുന്നത്. ഡിഎംഒയുടെ നിർദേശാനുസരണമാണ് നടപടി.
കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകിയിരുന്നു.
രണ്ടാഴ്ച മുമ്പാണ് പനി ബാധിച്ച് കായംകുളം താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ കുട്ടിയെ കട്ടിലിൽ കിടത്തിയപ്പോൾ സൂചി തുടയിൽ തുളച്ചുകയറിയത്.