കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു; യുവതിക്ക് വീട്ടിൽ സുഖ പ്രസവം ; ചികിത്‌സ നിഷേധിച്ച ഡോക്ടർക്കെതിരേ കേസ് കൊടുക്കാനൊരുങ്ങി ബന്ധുക്കൾ

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചു. യുവതി വീട്ടിൽ പ്രസവിച്ചു. കൊട്ടാരക്കര ഉമ്മന്നൂർ പാറൻകോട് തുളസീ മന്ദിരത്തിൽ രതീഷിന്‍റെ ഭാര്യ ശ്രീലക്ഷ്മി (20) നാണ് ദുരവസ്‌ഥയുണ്ടായത്.

ഇന്നലെ പുലർച്ചെ മൂന്നോടെ ബന്ധുക്കൾ ശ്രീലക്ഷ്മിയെ താലൂക്കാശുപത്രിൽ കൊണ്ട് വരുകയായിരുന്നു. എന്നാൽ ഡ്യൂട്ടി ഡോക്ടർ ഒരു ഗുളികയും നൽകി യുവതിയെ പറഞ്ഞു വിടുകയായിരുന്നു. വേദന സഹിക്കാൻ കഴിയുന്നില്ലായെന്നും ഇവിടെ അഡ്മിറ്റാകാനുള്ള സൗകര്യം ചെയ്തു തരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിട്ട് ആശുപത്രി അധികൃതർ തയാറായില്ല.

ഇതിനിടയിൽ ശ്രീലക്ഷ്മി ഛർദിക്കുകയും ചെയ്തു. ഇതുകണ്ട് ക്ഷുഭിതയായ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ഇവിടം കഴുകി വൃത്തിയാക്കിയിട്ട് പോയാൽ മതിയെന്ന് യുവതിയോടും ബന്ധുക്കളോടും ആക്രോശിക്കുകയും ചെയ്തു. തുടർന്ന് തിരികെ വീട്ടിലെത്തിയ യുവതി വൈകുന്നേരത്തോടെ വീട്ടിൽ പ്രസവിക്കുക യായിരുന്നു. ആശുപത്രിജീവനക്കാരുടെ അനാസ്‌ഥയ്ക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് യുവതിയുടെ ബന്ധുക്കൾ.

Related posts