അതി ദുര്‍ഘടമായ പാതയിലൂടെ കുട്ടികളെ പുറത്തെത്തിച്ചത് ‘ഉറക്കിക്കിടത്തി’ ! രക്ഷാദൗത്യത്തിന്റെ അതിസാഹസിക രംഗങ്ങളുടെ വീഡിയോ പുറത്തുവിട്ട് തായ് നേവി സീല്‍

തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടി ഫുട്‌ബോള്‍ താരങ്ങളെയും പരിശീലകനെയും പുറത്തെത്തിച്ച സാഹസിക രക്ഷാപ്രവര്‍ത്തനത്തിന്റെ വിശദവിവരങ്ങള്‍ പുറത്ത്. രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടികളെ ഉറക്കി സ്ട്രെച്ചറില്‍ കിടത്തിയാണ് പുറത്തെത്തിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സാഹസിക രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ തായ് നേവി സീല്‍ തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി പുറത്തു വിട്ടു. ഇതില്‍ കുട്ടികളെ സ്ട്രെച്ചറില്‍ പൊതിഞ്ഞ് പുറത്തെത്തിക്കുന്നതായാണ് കാണുന്നത്.

ഗുഹയിലെ ഏറ്റവും ഇടുങ്ങിയതും ചെളി നിറഞ്ഞതുമായ വഴികളില്‍ വിദഗ്ധരായ ഡൈവര്‍മാര്‍ പോലും ഭയപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനാലാണ് കുട്ടികളെ ഉറക്കി കൊണ്ടു വന്നത്. ‘രക്ഷാപ്രവര്‍ത്തനത്തിനിടെ ചില കുട്ടികള്‍ ഉറങ്ങുകയായിരുന്നു.

ചിലരുടെ കൈവിരലുകള്‍ അസാധാരണമാംവിധം വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരും കൃത്യമായി ശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയായിരുന്നു യാത്രയെന്ന് സുരക്ഷാ സേനയിലെ ഒരംഗം പറഞ്ഞു.

ഇവര്‍ക്ക് ചെറിയ രീതിയില്‍ ഉറങ്ങുന്നതിനുള്ള മരുന്ന് നല്‍കിയിരുന്നു. വരുന്ന വഴികളിലെല്ലാം ഇടയ്ക്കുളള പോയിന്റില്‍ ഡോക്ടര്‍മാരെ നിര്‍ത്തിയിരുന്നു. കുട്ടികളുടെ ആരോഗ്യനിലയും നാഡീസ്പന്ദനവും ഉള്‍പ്പെടെ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമായിരുന്നു മുന്നോട്ടുള്ള ഓരോ യാത്രയുമെന്ന് എന്ന് കമാന്‍ഡര്‍ ചയ്യാനന്ദ പീരനറോങ് പറഞ്ഞു.

യാത്രയ്ക്കിടെ കുട്ടികളെ ഓരോരുത്തരെയും സ്ട്രെച്ചറില്‍ പൊതിഞ്ഞ നിലയിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ എല്ലാവരും തന്നെ ഇപ്പോള്‍ ആരോഗ്യവാന്മാരാണെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് മാധ്യമങ്ങളെ അറിയിച്ചു.

കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ചികിത്സ നല്‍കി.

എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്‌സുക്ക് വ്യക്തമാക്കി. രക്ഷാദൗത്യത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു

Related posts