തെന്നിന്ത്യയിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങി പാൻ ഇന്ത്യൻ താരമായി അറിയപ്പെടുന്ന നടിയാണ് തമന്ന ഭാട്ടിയ.
കൈനിറയെ അവസരങ്ങളാണ് ഇപ്പോൾ നടിക്കു ലഭിക്കുന്നത്. മുംബൈക്കാരി ആണെങ്കിലും തമന്ന തിളങ്ങിയത് തെന്നിന്ത്യൻ സിനിമകളിൽ ആയിരുന്നു.
തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര താരമായി നിറഞ്ഞുനിന്ന തമന്നയ്ക്ക് ഈ അടുത്തകാലത്തായാണ് ബോളിവുഡിൽനിന്നു മികച്ച അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്.
കരിയറിൽ തിളങ്ങി നിൽക്കുമ്പോൾതന്നെ നിരന്തരം വാർത്തകളിലും നിറയുന്നുണ്ട് തമന്ന. അടുത്തിടെയാണ് നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന് നടി വെളിപ്പെടുത്തിയത്. തമന്നയുടെ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു.
സോഷ്യൽ മീഡിയയിലും തമന്നയുടെ കരിയറും വ്യക്തി ജീവിതവുമൊക്കെ ചർച്ചയാകാറുണ്ട്. അതുകാരണം നിരവധി വിമർശനങ്ങളും ട്രോളുകളും പരിഹാസങ്ങളുമെല്ലാം തമന്നയ്ക്ക് നേരിടേണ്ടിയും വന്നിട്ടുണ്ട്.
ഇപ്പോഴിതാ അതിനെയൊക്കെ നേരിടുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമന്ന. എഴുത്തുകാരനായ ലൂക്ക് കുട്ടീഞ്ഞോയുമായുള്ള ഒരു അഭിമുഖത്തിലാണ് സോഷ്യൽ മീഡിയ ട്രോളുകളെയും നെഗറ്റീവ് കമന്റുകളെയും നേരിടുന്നതിനെക്കുറിച്ച് നടി മനസുതുറന്നത്.
തുടക്കത്തിൽ അതെല്ലാം എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അതൊക്കെ എവിടെനിന്നാണ് വരുന്നതെന്ന് ഞാൻ മനസിലാക്കി.
ഇപ്പോൾ പോസിറ്റീവുകളിലേക്ക് നോക്കി മാത്രമാണ് എന്റെ യാത്ര. ഈ യാത്രയിൽ (സിനിമകളിൽ) നമ്മളോടു വളരെയധികം വിദ്വേഷം പ്രകടപ്പിക്കുന്ന സമയമുണ്ടാകും, സോഷ്യൽ മീഡിയയുടെ കാലത്ത് അത് ഉറപ്പാണ്. മുഖമില്ലാത്ത ആളുകൾ ഇരുന്ന് എന്തൊക്കെയോ എഴുതി വിടുകയാണ്.
ഇതെല്ലാം വളരെ മോശമാണ്. എന്നെ സംബന്ധിച്ചിടത്തോളം, ആദ്യം അങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ അത് എന്നെ വളരെയധികം അസ്വസ്ഥയാക്കി.
എന്താണ് സംഭവിക്കുന്നത്? എന്റെ തെറ്റ് കൊണ്ടാണോ എന്നൊക്കെ ചിന്തിച്ചു. പിന്നെ ഞാൻ കുറച്ച് സമയമെടുത്ത് ചിന്തിച്ചു.
ഞാൻ എന്നോട് തന്നെ ചോദിച്ചു, ഇത് എവിടെ നിന്നാണ് വരുന്നതെന്നാണ് നിങ്ങൾ കരുതുന്നത്?’ നിങ്ങൾ ഒരു നടിയാണെന്നും ഒരു പെർഫോമറാണെന്നും മനസിലാക്കാതെ ചില സമയങ്ങളിൽ ധാരാളം പേർ സദാചാര പോലീസ് ചമയും.
അത് അവർ ഉദ്ദേശിക്കുന്ന ഒരു ചട്ടക്കൂടിനുള്ളിൽ നിങ്ങളെ കാണാത്തത് കൊണ്ടാകും. അതിലൊന്നും വിഷമിക്കേണ്ട കാര്യമില്ല. അവർ പറയുന്നതും കാണിക്കുന്നതും നിങ്ങളോട് ആണെങ്കിലും അത് യഥാർഥത്തിൽ അവരോടുതന്നെയാണ്.
ഞാൻ എന്താകണം എന്നതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആളുകൾ ഞാൻ എന്താകണമെന്ന് ആഗ്രഹിക്കുന്നതിലല്ല.
എന്നോട് വെറുപ്പ് കാണിക്കുന്നവരോ ട്രോളുന്നവരോ ഒരിക്കലും എന്റെ യാത്രയുടെ ഭാഗമാകുകയോ എന്റെ ജീവിതത്തിന്റെ ഭാഗമാക്കുകയോ ചെയ്തിട്ടില്ല. അതിനാൽതന്നെ അവർ ഇപ്പോൾ എന്താണ് എന്നെക്കുറിച്ച് ചിന്തിക്കുന്നത് എന്നതൊന്നും ശ്രദ്ധിക്കാറില്ലെന്ന് തമന്ന പറഞ്ഞു.