ന്യൂഡൽഹി: അനധികൃത വാതുവയ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തു. ഗുവാഹാത്തിയിലെ ഇഡി ഓഫീസിൽ അമ്മയോടൊപ്പമാണ് തമന്ന എത്തിയത്. ചോദ്യം ചെയ്യൽ എട്ടു മണിക്കൂറോളം തുടർന്നു.
അനധികൃത വാതുവയ്പ് സംഭവങ്ങളിൽ പ്രതിസ്ഥാനത്തുള്ള മഹാദേവ് ഓൺലൈൻ ഗെയിമിംഗിന്റെ ഉപകമ്പനി ആപ്പിൽ ഐപിഎൽ മത്സരങ്ങൾ കാണാൻ പരസ്യം ചെയ്തതായി ആരോപിച്ചു തമന്നയ്ക്ക് ഇഡി സമൻസ് അയച്ചിരുന്നു.
സ്പോർട്സ് ബെറ്റിംഗ് ഉൾപ്പെടെ വിവിധതരം ചൂതാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന ബെറ്റിംഗ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ ഫെയർപ്ലേ പ്രൊമോട്ട് ചെയ്യുന്നതിലെ പങ്കിനെക്കുറിച്ചാണ് പ്രധാനമായും തമന്നയോട് ചോദിച്ച് അറിഞ്ഞത്. മഹാദേവ് ഓൺലൈൻ ഗെയിമിംഗ് ആപ്പിന്റെ ഉപകമ്പനിയാണ് ഫെയർപ്ലേ. മഹാദേവ് ആപ്പിന്റെ പ്രമോഷനൽ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപുറിനും ശ്രദ്ധ കപുറിനും ഇഡി നേരത്തേ സമൻസ് അയച്ചിരുന്നു.