സോഷ്യല്‍ മീഡിയകളില്‍ തനിക്കു നേരേ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ താരം തമന്ന രംഗത്ത്. തന്റെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ നിരന്തരം പുറത്തുവരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചാണ് അവര്‍ രംഗത്തെത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തമന്ന വിവാഹിതയാകുന്നുവെന്നും വരന്‍ ക്രിക്കറ്റ് താരമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഈ ആരോപണത്തിനെതിരെയാണ് തമന്ന ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് തമന്ന വിവാഹ വാര്‍ത്തകള്‍ക്ക് വിശദീകരണവുമായെത്തിയത്.
താന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വേണ്ടി വെറിപിടിച്ച് നടക്കുകയല്ല. പ്രണയിക്കുക എന്നത് ഒരു കുറ്റമൊന്നുമല്ല. അതിന് തനിക്ക് താല്‍പ്പര്യമുണ്ടെങ്കിലും ഇപ്പോള്‍ തന്റെ വിവാഹം കഴിഞ്ഞുവെന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നടി പറഞ്ഞു.
തമന്നയുടെ വാക്കുകള്‍ ഇങ്ങനെ…
ആദ്യം ക്രിക്കറ്റ് താരമായിരുന്നു. ഇപ്പോള്‍ ഒരു ഡോക്ടര്‍. ഭര്‍ത്താവിനെത്തേടി അലയുകയാണ് ഞാന്‍ എന്ന രീതിയിലുള്ള ഊഹാപോഹങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പ്രണയിക്കാന്‍ ഇഷ്ടമാണെങ്കിലും അതിന് ഞാനിപ്പോള്‍ താത്പര്യപ്പെടുന്നില്ല.
സ്വകാര്യ ജീവിതത്തെ സംബന്ധിച്ച് വരുന്ന വ്യാജ വാര്‍ത്തകളെ ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. നിലവില്‍ സിംഗിളായി ജീവിക്കുന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അച്ഛനും അമ്മയും എനിക്കായി വരനെ അന്വേഷിച്ച് നടക്കുന്ന ആള്‍ക്കാരുമല്ല. സിനിമയെയാണ് ഞാനിപ്പോള്‍ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നത്.
ഷൂട്ടിംഗില്‍ മാത്രം മുഴുകി ജീവിക്കുന്ന എന്നെക്കുറിച്ച് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എവിടെ നിന്നാണ് പൊട്ടി പുറപ്പെടുന്നതെന്ന് മനസിലാവുന്നില്ല. വിവാഹം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്താല്‍ തീര്‍ച്ചയായും ഞാന്‍ തന്നെ നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് വിടില്ല. ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല. ഈ അപവാദങ്ങളെല്ലാം ആരുടേയോ ഭാവനയാണ്- തമന്ന കുറിച്ചു.
— Tamannaah Bhatia (@tamannaahspeaks) July 27, 2018