തമന്നയും വിജയ് വര്‍മയും വേര്‍പിരിയുകയാണോ? അഭ്യൂഹങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തമന്ന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത ഈ വാര്‍ത്തയ്ക്കു പിന്നില്‍. സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം എന്ന് തുടങ്ങുന്ന തമന്നയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി നിമിഷനേരം കൊണ്ടാണ് വൈറലായത്.
തമന്നയുടെ ഇന്‍സ്റ്റഗാം സ്റ്റോറി ഇരുവരുടെയും ബ്രേക്കപ്പിലേക്കുളള സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒന്നും വ്യക്തമാക്കാതെയുളള പോസ്റ്റാണ് തമന്ന പങ്കുവെച്ചിരിക്കുന്നത്. സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം. താത്പര്യം കാണിക്കുക എന്നതാണ് നമ്മില്‍ താത്പര്യമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം.
മറ്റുള്ളവരുടെ സൗന്ദര്യം കണ്ടെത്തുക എന്നതാണ് നിങ്ങളിലെ സൗന്ദര്യം മറ്റുള്ളവര്‍ കണ്ടെത്തുന്നതിന് പിന്നിലെ രഹസ്യം. നല്ലൊരു സുഹൃത്തായിരിക്കുക എന്നതാണ് ഒപ്പം ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിന്റെ രഹസ്യം എന്നാണ് തമന്ന കുറിച്ചത്. ഇതോടെയാണ് ഇവർ തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലല്ല, പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
2023ല്‍ പുറത്തുവന്ന ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്. ചിത്രത്തിലെ കെമിസ്ട്രി ജീവിതത്തിലും വര്‍ക്കായി. ചില അഭിമുഖങ്ങളില്‍ പ്രണയത്തിന്റെ സൂചനകള്‍ തമന്ന പരസ്യമായി നല്‍കുകയും താനിപ്പോള്‍ വളരെ സന്തോഷത്തിലാണെന്ന് പറയുകയും ചെയ്തിരുന്നു. ഉടനെ തന്നെ ഇരുവരും വിവാഹിതരാവുമെന്ന അഭ്യൂഹങ്ങള്‍ വരെ പരന്നിരുന്നു. അതേസമയം വേര്‍പിരിയുന്നതിനെക്കുറിച്ച് വിജയ്യോ തമന്നയോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. അടുത്തിടെ ഗോവയില്‍ നടന്ന തമന്നയുടെ പിറന്നാള്‍ ആഘോഷത്തിലും വിജയ് പങ്കെടുത്തിരുന്നു.