ആലപ്പുഴ: ഇതളുകളുടെ സമൃദ്ധി മൂലം പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള സഹസ്രദള കമലം എന്നറിയപ്പെടുന്ന ആയിരം ഇതൾ താമര ആലപ്പുഴയിലും പൂവിട്ടു.
ആലപ്പുഴ കൊമ്മാടിയിലുള്ള സോണി ഓർക്കിഡ് എന്ന നഴ്സറിയിൽ ആണ് ഈ അപൂർവ സസ്യം പൂവിട്ടത്. പിങ്ക് വർണത്തിൽ ഉള്ളതാണ് ഈ സഹസ്രദള കമലം എന്നുള്ളതും പ്രത്യേകതയാണ്.
ചൈനയിൽ 2008 ആദ്യമായി റിപ്പോർട്ട് ചെയ്ത സഹസ്രദള കമലം ഇന്ത്യയിലടക്കം അതീവശ്രദ്ധയോടെ വളർത്തപ്പെടുന്നുണ്ടെങ്കിലും സാധാരണയായി റോസ് വർണ്ണത്തിൽ ആണ് പൂക്കൾ രൂപപ്പെടുന്നത്.
പ്രകൃത്യാ ഉണ്ടാകുന്ന ജനിതകഘടന വ്യതിയാനംമൂലം താമര കളിൽ അത്യപൂർവമായി സഹസ്രദള കമലങ്ങൾ രൂപപ്പെടുന്നുണ്ട്. തിരുവനന്തപുരം വെള്ളായണി കായലിൽ നിന്ന് ഇത്തരത്തിൽ ഒന്ന് കണ്ടെത്തിയിരുന്നു.
ഇങ്ങനെ കണ്ടെത്തപ്പെടുന്ന താമരകളിൽ സങ്കലനം നടത്തി പുതിയ ഇനങ്ങൾ ചൈന, തായ്ലൻഡ് എന്നിവിടങ്ങളിൽ രൂപപ്പെടുത്തുന്നുണ്ടെങ്കിലും കേരളത്തിൽ ഇവയെ വളർത്തിയെടുക്കുക ശ്രമകരമാണ്.
ദീർഘനാളത്തെ പരിചരണത്തെ തുടർന്നാണ് പൂ വിട്ടതെന്ന് നഴ്സറി ഉടമ അഷ്റഫ് പറഞ്ഞു. ഓർക്കിഡുകൾ, ഹോയ, ഇലച്ചെടികൾ എന്നിവയുടെ വൈവിധ്യങ്ങളും ഉള്ള നഴ്സറിയിലേക്ക് ഈ അസാധാരണ പുഷ്പം കാണുവാൻ ആളുകൾ എത്തുന്നുണ്ട്.