കുമരകം: പിടിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമായ താമരക്കോഴിക്കായി പണം നൽകിയ അമേരിക്കൻ മലയാളി കുടുംബത്തിന് ധനനഷ്ടവും മാനഹാനിയും. കുമരകം സന്ദർശിക്കാൻ മുണ്ടക്കയത്തു നിന്നും എത്തിയ അമേരിക്കൻ പ്രവാസി കുടുംബമാണ് വഞ്ചിതരായത്.
ഇന്നലെ ഉച്ചയ്ക്ക് കുമരകത്തേയ്ക്കുള്ള യാത്രാമധ്യേ റോഡരികിലുള്ള ഭക്ഷണശാലയിൽ നിന്നും താറാവിറച്ചിയുടെ രുചി ആസ്വദിച്ചതാണ് പണനഷ്ടത്തിനും മാനഹാനിക്കും ഇടയാക്കിയത്.
താറാവിറച്ചി ഏറെ ഇഷ്ടപ്പെട്ട കുടുംബനാഥൻ താറാവിനെ ലഭിക്കുമോ എന്ന് ആരാഞ്ഞു ഈ സമയത്താണ് സമീപത്തെ കൊയ്ത്തു കഴിഞ്ഞ പാടത്ത് താമരക്കോഴി മുങ്ങിക്കുളിക്കുന്നത് കണ്ടത്.
ചെറിയ താറാവിനോടു സദൃശ്യമുള്ള താമരക്കോഴിയെ ലഭിക്കുമോ എന്നായി ഗൃഹനാഥന്റെ അടുത്ത ചോദ്യം. ഇതു കേട്ട രസികനായ നാട്ടുകാരൻ സമീപത്തെ വീട്ടുകാരാണ് താമരക്കോഴിയെ വളർത്തുന്നതെന്നും വാങ്ങി തരാമെന്നും പറഞ്ഞുവത്രേ.
വില നൽകാനായി ആയിരം രൂപയും വാങ്ങി സ്ഥലം വിട്ടു. ഇയാൾ താമരക്കോഴിയുമായി മടങ്ങിവരുന്നതും കാത്തു ഏറെ നേരം നിന്നെങ്കിലും പണം വാങ്ങിയയാൾ തിരികെ എത്തിയില്ല. തുടർന്ന് ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയവരാണ് താമരക്കോഴിയെ ആരും വളർത്തുന്നതല്ലെന്നും ഇതിനെ പിടിക്കുന്നതു കുറ്റകരമാണെന്ന് പറഞ്ഞതും.