കോഴിക്കോട്: താമരശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന് മരിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഈ മാസം 16-നാണ് ചുരത്തിലെ ആറാം വളവില്‍ ദാരുണമായ അപകടമുണ്ടായത്. ഓടുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് വീണ് മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവ് മരിക്കുകയും സുഹൃത്ത് അനീസിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഭിനവും അനീസും സഞ്ചരിച്ച ബൈക്കിന് പുറകേ വന്നവരുടെ വാഹനത്തില്‍ ഘടിപ്പിച്ച കാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തിവന്നിരിക്കുന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.
250-മീറ്റര്‍ മുകളില്‍ നിന്ന് പാറ കഷ്ണം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കല്ല് പതിച്ച് ബൈക്കും യാത്രക്കാരും ഞൊടിയിടകൊണ്ട് കൊക്കയിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
പാറക്കല്ല് തൊട്ടു താഴെയുള്ള അഞ്ചാം വളവിലുള്ള വനത്തിലെ വനത്തിലെ മരത്തിൽ തട്ടിയാണ് നിന്നത്.
താമരശേരി ചുരത്തില്‍ ആദ്യമായാണ് പാറക്കല്ല് വീണ് യാത്രക്കാരന് മരിക്കുന്നത്. അപകടശേഷം ദേശീയപാത അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തുകയും ചെയ്തിരുന്നു.
വനം വകുപ്പും പിഡബ്ലൂഡി അധികൃതരും അപകട സ്ഥലം സന്ദര്‍ശിച്ച് മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സംയുക്ത പരിശോധന നടത്തണമെന്നാണ് ആവശ്യമുയരുന്നത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടും കൈമാറിയിരുന്നു.