കോഴിക്കോട്: താമരശേരി ചുരത്തില്‍ ഗതാഗത തടസം. ടൂറിസ്റ്റ് ബസ് യന്ത്രത്തകരാര്‍ കാരണം റോഡില്‍ കുടുങ്ങിയതാണ് ഗതാഗത തടസത്തിനും കുരുക്കിനും ഇടയാക്കിയത്. രാവിലെ ആറേ മുക്കാലിനാണ് ചുരം വ്യൂപോയിന്റില്‍ ബസ് കുടുങ്ങിയത്.
ക്രിസ്മസ്, നവവല്‍സര തിരക്കായതിനാല്‍ ധാരാളം വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും താമരശേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ശ്രമം. ഉച്ചയോടെ ഗതാഗതം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്ന് പോലീസ് അറിയിച്ചു.
ചുരത്തില്‍ ഗതാഗത തടസം പതിവാകുകയാണ്. കഴിഞ്ഞ ദിവസം ചുരത്തില്‍ ലോറി കുടുങ്ങി മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസം നേരിട്ടിരുന്നു. മണിക്കൂറുകളാണ് അന്ന് യാത്രക്കാര്‍ വഴിയില്‍ കിടന്നത്.
ഇപ്പോള്‍ വയനാട്ടില്‍ ടൂറിസ്റ്റ് സീസണ് ആയതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും നിരവധി വാഹനങ്ങളാണ് വയനാട് ലക്ഷ്യമാക്കി എത്തുന്നത്. വിനോദ യാത്ര കഴിഞ്ഞ് വയനാട്ടില്‍ നിന്ന് മടങ്ങിപോകുന്നവരും ഉണ്ട്.