കോഴിക്കോട്: താമരശേരി അന്പലമുക്കിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തില്‍ പോലീസുകാര്‍ക്കുള്‍പ്പെടെ പരിക്കേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. നിലവില്‍ ഒരാള്‍ മാത്രമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കൂട്ടുപ്രതികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. താമരശേരി അന്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറി (38)ന്റെ വീട്ടിലാണ് ലഹരിമാഫിയ ഭീതി വിതച്ചത്.
വീട്ടിൽ വടിവാളുമായെത്തിയ നാലംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീടിന്റെയും കാറിന്റെയും ചില്ലുകൾ തകർക്കുകയും ചെയ്യുകയായിരുന്നു.
അക്രമിസംഘത്തെ കണ്ട് വീട്ടുകാർ വീടിനുള്ളിൽ കയറിയാണ് രക്ഷപ്പെട്ടത്. ജനൽ ചില്ലുകളും കാറിന്റെ ചില്ലുകളും സംഘം എറിഞ്ഞുടച്ചു. ഇത് ചോദ്യം ചെയ്യാനെത്തിയ അന്പലമുക്ക് കൂരിമുണ്ടയിൽ ഇർഷാദിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.
സംഭവം അറിഞ്ഞ് എത്തിയ പോലീസ് സംഘത്തിന്റെ ജീപ്പ് എറിഞ്ഞ് തകര്‍ത്താണ് അക്രമികള്‍ സ്ഥലം വിട്ടത്.മൻസൂറിന്റെ വീടിനോട് ചേർന്ന് സ്ഥലം വാങ്ങിയ പ്രദേശവാസിയായഅയൂബിന്റെ സ്ഥലത്ത് ടെന്റ് കെട്ടി ചിലർ ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നത് വീട്ടുകാർ എതിർത്തിരുന്നു.
ഇവിടെ ലഹരി ഉപയോഗം വ്യാപകമായിരുന്നു. ഇവിടേക്ക് ശ്രദ്ധ കിട്ടുന്ന രീതിയിൽ സ്ഥാപിച്ച മൻസൂറിന്റെ വീട്ടിലെ സിസി ടിവി കാമറ എടുത്തു മാറ്റണമെന്ന് ആക്രോശിച്ചാണ് അക്രമം നടന്നത്.