കൊല്ലം: കൊല്ലം-ചെങ്കോട്ട റൂട്ട് വഴി സര്‍വീസ് നടത്തുന്ന ചെന്നൈ താംബരം -തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) പ്രതിവാര എസി സ്പെഷല്‍ എക്സ്പ്രസ് ട്രെയിൻ ഒരുമാസത്തേക്ക് കൂടി നീട്ടി റെയില്‍വേ മന്ത്രാലയം.
ഇന്നലെ വരെയായിരുന്നു സര്‍വീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സ്പെഷല്‍ സര്‍വീസ് നിര്‍ത്തുന്നതിനെതിരേ യാത്രക്കാരും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തു. ഈ ട്രെയിൻ സർവീസ് നിർത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
താംബരം-തിരുവനന്തപുരം നോര്‍ത്ത് സര്‍വീസ് ഈ മാസം 11 മുതൽ മെയ് രണ്ട് വരെയും തിരികെയുള്ള സര്‍വീസ് 13 മുതൽ മെയ് നാലുവരെയുമാണ് നീട്ടിയത്. ഇതിനായുള്ള മുൻകൂർ റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ച് കഴിഞ്ഞു. അതേസമയം, സര്‍വീസ് സ്ഥിരമാക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തോട് റെയില്‍വേ ഇതുവരേയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
കൊല്ലം-ചെങ്കോട്ട പാത മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്ഗേജായി ഉയർത്തിയതോടെ സര്‍വീസ് നടത്തിയിരുന്ന പല ട്രെയിനുകളും പിന്നീട് ഓടാതായി. താംബരത്ത് നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്ക് എസി പ്രതിവാര എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചതോടെ ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനമായിരുന്നു.
റെയില്‍വേയ്ക്ക് വലിയ വരുമാനമാണ് ഈ ട്രെയിനിലൂടെ ലഭിക്കുന്നത്. മധുര, തിരുച്ചിറപ്പള്ളി വൃദ്ധാചലം, ശ്രീരംഗം, വില്ലുപുരം, താംബരം ഉള്‍പ്പെടെ തമിഴ്നാട്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് യാത്രചെയ്യാന്‍ ഏറ്റവും എളുപ്പത്തിൽ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന സര്‍വീസാണിത്. തിരുനന്തപുരം നോര്‍ത്ത്, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ ഭാഗത്തുനിന്ന് ധാരാളം യാത്രക്കാരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്.