ഇന്ത്യയിലെന്നപോലെ ലോകത്തെ മിക്ക രാജ്യങ്ങളിലും ബഹുഭാര്യത്വം നിയമവിരുദ്ധമാണ്. തായ്‌ലന്‍ഡിലും ഇതുപോലെ തന്നെ. എന്നാല്‍ തംബോണ്‍ പ്രസേര്‍ട്ട് എന്ന വ്യക്തിയ്ക്ക് ഇത്തരം നിയമങ്ങളിലൊന്നും വലിയ വിശ്വാസമില്ല. 17 ാം വയസില്‍ തുടങ്ങിയ വിവാഹം കഴിയ്ക്കല്‍ പരിപാടി 58 ാം വയസിലും കക്ഷി തുടരുകയാണ്. ഭാര്യമാരുടെ എണ്ണം സെഞ്ചുറിയും കടന്ന് 120ല്‍ എത്തി. ഭാര്യമാര്‍ക്കെല്ലാം പരസ്പരം അറിയാം. ഭര്‍ത്താവിന്റെ ഈ വിനോദത്തില്‍ അവര്‍ക്ക് പ്രശ്‌നവുമില്ല.
തായ്‌ലന്‍ഡിലെ നകോണ്‍ നയോക് പ്രവിശ്യയിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാവായ തംബോണ്‍ പ്രമുഖ നിര്‍മാണ കമ്പനി ഉടമയുമാണ്. ഇത്രയും ഭാര്യമാരുണ്ടെങ്കിലും മക്കളുടെ കാര്യത്തില്‍ തംബോണ്‍ പിശുക്കനാണ്. 28 പേര്‍ മാത്രമേ അദ്ദേഹത്തിന് മക്കളായുള്ളൂ. അതില്‍ മൂന്നുപേരും ആദ്യഭാര്യയില്‍ നിന്നുള്ളവരാണ്. ഭാര്യമാര്‍ ധാരാളമായെങ്കിലും ചില നിബന്ധനകളൊക്കെ തംബോണിന് നിര്‍ബന്ധമാണ്. ഭാര്യമാരാകുന്ന യുവതികള്‍ക്ക് 20 വയസില്‍ താഴെ മാത്രമേ പ്രായം കാണാവൂ. അതിനും തംബോണിന് തന്റേതായ കാരണമുണ്ട്. പ്രായമുള്ളവര്‍ വഴക്കുകൂടും, ചെറുപ്പക്കാരികള്‍ ആണെങ്കില്‍ അത്രയ്ക്ക് പ്രശ്‌നമില്ല.
കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി എവിടെ പോയാലും അവിടയെല്ലാം അദ്ദേഹം ഓരോ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയാണ് പതിവ്. താന്‍ സ്നേഹിക്കുന്നതു പോലെ അവര്‍ തന്നെയും സ്നേഹിക്കുന്നുണ്ടെന്ന് തംബോണ്‍ പറയുന്നു. പുതുതായി കല്ല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയോട് ബാക്കിയുള്ള ഭാര്യമാരുടെ വിവരങ്ങളെല്ലാം പറഞ്ഞ് മനസിലാക്കിയശേഷം അവര്‍ക്ക് സമ്മതമാണെങ്കില്‍ മാത്രമേ വിവാഹത്തിലേയ്ക്ക് കടക്കുകയുള്ളു. തന്റെ ഈ തുറന്ന മനോഭാവമാണ് തന്റെ കുടുംബത്തിന്റെ ഐശ്വര്യമെന്നും കുടുംബം ഒത്തൊരുമയോടെ മുന്നോട്ട് പോവാനുള്ള കാരണമെന്നുമാണ് ഈ കല്ല്യാണ വീരന്‍ പറയുന്നത്.
വിവാഹത്തിന്റെ പേരില്‍ ആരും ഇതുവരെ തന്നോട് വഴക്കുകൂടിയിട്ടില്ലെന്നും ഇയാള്‍ പറയുന്നു. സമുദായത്തിന്റെ ആചാരാനുഷ്ഠനങ്ങളനുസരിച്ചാണ് ഓരോരുത്തരെയും വിവാഹം ചെയ്യുന്നത്. പുതിയൊരു വിവാഹത്തിനുള്ള ഒരുക്കത്തിലാണ് തംബോണ്‍. 27വയസുകാരിയായ നാഫോണ്‍ ആണ് വധു. ഭാര്യമാരെ വെറുതെ കല്ല്യാണം കഴിച്ച് കൂടെക്കൂട്ടുക മാത്രമല്ല, ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ തന്നെക്കൊണ്ട് പറ്റുന്നതെല്ലാം തംബോണ്‍ ചെയ്യാറുമുണ്ട്. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം അയാള്‍ നല്‍കുന്നു. ഇനി ഭാര്യമാര്‍ക്ക് സ്വന്തമായി വീടും സ്ഥലവും വേണമെങ്കില്‍ അത് നല്‍കാനും തംബോണ്‍ തയ്യാറാണ്. അത്രയ്ക്ക് വിശാലമനസ്‌കനാണ് ‘ആശാന്‍’. ഒന്നിലധികം ഭാര്യമാരെ വിവാഹം ചെയ്യുന്നത് തായ്‌ലന്റില്‍ നിയമവിരുദ്ധമാണെങ്കിലും ഇതുവരെ ഇദ്ദേഹത്തിന് നിയമനടപടികളൊന്നും നേരിടേണ്ടി വന്നിട്ടില്ല.