ഫോണ്‍ താഴെവയ്ക്കാന്‍ സാധിച്ചിട്ടില്ല! അഭിനന്ദനയോഗങ്ങളും സ്വീകരണങ്ങളും ഇപ്പോഴും നടക്കുന്നു; സംഭവത്തിന്റെ പ്രധാന്യം ഇപ്പോഴാണ് മനസിലാവുന്നത്; ആംബുലന്‍സ് പറപ്പിച്ച് കുരുന്നുജീവന്‍ രക്ഷിച്ച തമിം ഇപ്പോള്‍ സെലിബ്രിറ്റി

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ ആംബുലന്‍സ് ഓടിച്ച്, ഒരു കുരുന്നു ജീവന്‍ സംരക്ഷിച്ച തമീമാണ് ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയയിലെ താരം. ഇപ്പോഴിതാ അഭിനന്ദനമേറ്റുവാങ്ങി വയ്യെന്നായിരിക്കുന്നു, തമീമിന്. 14 മണിക്കൂര്‍ എടുത്ത് പിന്നിടേണ്ട ദൂരം 6.45 മണിക്കൂര്‍ കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തിച്ച ആംബുലന്‍സ് ഡ്രൈവറാണ് തമീം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ അഭിനന്ദനം ഫേസ്ബുക്ക് പേജിലുടെ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പതിനഞ്ചിലധികം സ്വീകരണവും വിവിധ സംഘടനകള്‍ നല്‍കി.

ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായ രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തു. നാട്ടില്‍ താരമായ ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍ഗോഡ് അടുക്കത്ത് വയല്‍ സ്വദേശി തമീംമിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍. അന്ന് സംഭവിച്ചതിനെക്കുറിച്ച് തമീം പറയുന്നതിങ്ങനെ…സത്യം പറഞ്ഞാല്‍ എനിക്കറിയില്ലായിരുന്നു ഒരു ജീവനുമായി ഞാന്‍ പോകുമ്പോള്‍ പിന്നില്‍ ഇത്രയും പേരുടെ പ്രാര്‍ത്ഥനയും കരുതലും ഉണ്ടായിരുന്നുവെന്ന്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ഇതൊക്കെ ഞാനറിയുന്നത്. പതിനഞ്ചിന് വൈകിട്ട് നാലു മണിക്ക് ഞാന്‍ ഡ്രൈവറായ ചേര്‍ക്കള മുസ്ലിം ചാരിറ്റബിള്‍ സെന്ററിന്റെ ആംബുലന്‍സ് മാനേജര്‍ മുനീര്‍ ഫോണില്‍ വിളിച്ചു പറഞ്ഞതാണ് ഒരു കുട്ടിയേയും കൊണ്ട് തിരുവനന്തപുരം വരെ പോകണമെന്ന്.

ഇത്രയും സീരിയസ് ആണ് എന്നറിഞ്ഞത് ആശുപത്രിയില്‍ എത്തിയതിന് ശേഷമായിരുന്നു. തുടര്‍ച്ചയായി ഓക്സിജന്‍ നല്‍കണമെന്നും 8 മണിക്കൂറിനകം ശ്രീചിത്തിര തിരുനാള്‍ ഹോസ്പിറ്റലില്‍ എത്തിക്കണമെന്നും ഡോക്ടര്‍ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടന്‍ മാനേജര്‍ മുനീറിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. മുനീര്‍ കേരള ആംബുലന്‍സ് ഡ്രൈവര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു എല്ലാ ക്രമീകരണങ്ങളും നടത്തി. അതിനു ശേഷമാണ് യാത്ര ആരംഭിച്ചത്. റാഡിലെ ഗതാഗതക്കുരുക്ക് മാറ്റുവാനുള്ള വഴികളാണ് ആദ്യം ആലോചിച്ചത്. അതിനായി പോലീസിനെയും സന്നദ്ധ സംഘടനകളെയും ആശ്രയിച്ചു. പിന്നീട് എല്ലാവരെയും കോര്‍ത്തിണക്കി വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.

സോഷ്യല്‍ മീഡിയ വഴി ആംബുലന്‍സ് കുഞ്ഞുമായി 8.30 ന് പരിയാരത്ത് നിന്നും യാത്ര തിരിക്കുമെന്നും റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടാവാതെ നോക്കണമെന്നും എല്ലാവരുടെയും സഹായം ആവശ്യമാണെന്നും അറിയിച്ചു. പിന്നീട് പോലീസ് എസ് കോര്‍ട്ടോടുകൂടി യാത്ര തിരിക്കുകയായിരുന്നു. വാഹനം ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കുഞ്ഞിന് വേണ്ട കെയര്‍ നല്‍കാന്‍ കാസര്‍ഗോഡ് ഷിഫാ സാദി ഹോസ്പിറ്റലിലെ മെയില്‍ സ്റ്റാഫ് നേഴ്സ് ജിന്റോ ഉണ്ടായിരുന്നു ഒപ്പം. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ പ്രധാന പങ്കു വഹിച്ചത് ജിന്റോയാണ്. മിക്കവരും ജിന്റോയെ പറ്റി പറയാതിരുന്നത് ഏറെ ദുഃഖം ഉളവാക്കി. എന്‍.ഐ.സി.യുവില്‍ നിന്നും കുഞ്ഞിനെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ഏറെ ശ്രമകരമായിരുന്നു. ഒരു നിമിഷം പോലും ഓക്സിജന്‍ നല്‍കാതിരിക്കാനാവില്ല.

അങ്ങനെയായാല്‍ ശരീരം നീല നിറത്തിലാകുകയും ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യും. ആയവസരത്തിലാണ് ജിന്റോ തന്റെ ചുമതല കൃത്യമായി നിര്‍വ്വഹിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഓട്ടോറിക്ഷാ തൊഴിലാളികളും എല്ലാവരും പരിപൂര്‍ണ്ണ സഹകരണമാണ് നല്‍കിയത്. വഴിയിലൊക്കെ എല്ലാവരും കാത്തു നിന്നു കടന്നു പോകാന്‍ സൗകര്യമൊരുക്കുകയും കൈ വീശുന്നു മുണ്ടായിരുന്നു. കുഞ്ഞിന് പാലു കൊടുക്കാനും ഇന്ധനം നിറയ്ക്കാനും മാത്രമേ വാഹനം നിര്‍ത്തിയുള്ളൂ. ഫോണ്‍ ഇതുവരെ താഴെ വയ്ക്കാന്‍ പറ്റിയിട്ടില്ല.

എല്ലാവരും വിളിച്ച് സന്തോഷം പങ്കുവച്ചു. കാസര്‍ഗോഡ് പതിനഞ്ചിടങ്ങളില്‍ സ്വീകരണം നല്‍കി. ഞായറാഴ്ച്ച ഞാന്‍ അംഗമായ ഫ്രണ്ട്സ് എന്ന സംഘടനയും സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇന്നലെ ദിലീപേട്ടന്റെ രാമലീല സിനിമയുടെ സംവിധായകര്‍ അരുണ്‍ ഗോപി സാര്‍ വിളിച്ചിരുന്നു. ഒരു പാട് സംസാരിച്ചു. എന്നെ നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ സാര്‍ ഫേസ്ബുക്ക് വഴി അഭിനന്ദനം അറിയിച്ചിരുന്നു. സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. എല്ലാവര്‍ക്കും നന്ദി. തമീം പറഞ്ഞു നിര്‍ത്തുന്നു.

Related posts