കോട്ടയം: ക്രിസ്മസ്, പുതുവത്സര കാലത്തെ തിരക്ക് ലക്ഷ്യമിട്ട് തമിഴ് മോഷണ സംഘം ജില്ലയിൽ എത്തിയതായി പോലീസിനു സൂചന ലഭിച്ചു. കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടയിൽ സ്ത്രീകളുടെ ബാഗിൽ നിന്നും സ്വർണവും പണവും കവർന്ന രണ്ടു തമിഴ്നാട്ടുകാരായ സ്ത്രീകളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറിയിരുന്നു.
ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണു തിരക്കിൽ മോഷണം നടത്താൻ വിദഗ്ധരായ ഒരു സംഘം മോഷ്്ടാക്കൾ ജില്ലയിൽ എത്തിയതായിട്ടുള്ള വിവരം പോലീസ് സ്ഥിരീകരിച്ചത്. സ്ത്രീകളാണു മോഷണ സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ ഏറെയും. തിരക്കേറിയ ബസുകളിലും മറ്റു സ്ഥലങ്ങളിലും മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചെത്തുന്ന മോഷ്ടാക്കൾ തന്ത്രപരമായ രീതിയിൽ സ്വർണവും പണവും വിലപിടിച്ച മറ്റു വസ്തുക്കളും മോഷ്ടിച്ചു മുങ്ങുകയാണ് പതിവ്.
മോഷണ സംഘം ജില്ലയിൽ എത്തിയതായി കാണിച്ചു രഹസ്യാന്വേഷണ വിഭാഗവും പോലീസിനു റിപ്പോർട്ട് നൽകിയിരുന്നു. ഇടക്കാലത്ത് ചിങ്ങവനം കോട്ടയം റൂട്ടിലും ഏറ്റുമാനൂർ പാലാ തൊടുപുഴ, ഈരാറ്റുപേട്ട റൂട്ടുകളിലും സ്ത്രീകളുടെ ബാഗിൽ നിന്നും പണവും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോകുന്നതു പതിവായിരുന്നു. തുടർന്നു പോലീസ് മഫ്തിയിൽ പരിശോധന കർശനമാക്കിയതോടെയാണു മോഷണ സംഘം പിൻവാങ്ങിയത്.
തുടർച്ചയായി ഉണ്ടായ മോഷണങ്ങളുടെ പശ്ചാത്തലത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് നാഗന്പടം ബസ് സ്്റ്റാൻഡിലെത്തി തമിഴ്നാട്ടുകാരായ സ്ത്രീകളെ ശ്രദ്ധിക്കണമെന്നു സ്വകാര്യ ബസ് ജീവനക്കാർക്കു നിർദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടക്്ടർമാർ യാത്രക്കാരെ നിരീക്ഷിച്ചുവരികയായിരുന്നു.
കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിൽ നിന്നു കൊല്ലാടിന് പോകുന്നതിനായി വിവാൻ ബസിൽ കയറിയ കൊല്ലാട് സ്വദേശിനിയുടെ ബാഗിൽ നിന്നാണ് ഒന്നര ഗ്രാം തൂക്കമുള്ള വളയും, 3000 രൂപയും പ്രതികൾ കവർന്നത്. ദേവലോകം ഭാഗത്ത് എത്തിയപ്പോൾ സൗമ്യയുടെ ബാഗ് തുറന്ന് കിടക്കുന്നതു കണ്ട് കണ്ടക്ടർ വിവരം ധരിപ്പിച്ചു. ബാഗിനുള്ളിൽ പരിശോധന നടത്തിയപ്പോൾ പണവും സ്വർണവും നഷ്ടമായതായി കണ്ടെത്തി.
ഇതോടെ സ്ത്രീകൾ ബസിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങിയോടി. പിന്നാലെ ഓടിയ കണ്ടക്ടറും യാത്രക്കാരും ചേർന്ന് ഇരുവരെയും പിടികൂടി കണ്ട്രോൾ റൂം പോലീസിനെ വിളിച്ച് കൈമാറുകയായിരുന്നു. രണ്ടാഴ്ചക്കിടയിൽ 13 സ്ത്രീകളുടെ സ്വർണമാലയാണു ബസ് യാത്രക്കിടയിൽ മാത്രം നഷ്്ടപ്പെട്ടത്.
മോഷണം നടത്തി ഞൊടിയിടയ്ക്കുള്ളിൽ മോഷണ മുതൽ സംഘത്തിലെ അടുത്തയാൾക്കു കൈമാറുകയാണ് പതിവ്. അതിനാൽ തന്നെ മോഷണം നടത്തുന്നവരെ പിടികൂടിയാലും തൊണ്ടിമുതൽ കണ്ടെത്താൻ സാധിക്കാറില്ല. ഇത്തരം മോഷണങ്ങൾ തടയുന്നതിനു യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു.