കോഴിക്കോട്: “”എന്‍ ഉയര് ഇങ്കൈ, മനം അങ്കൈ… കലൈഞ്ജറെ ഇനി പാക്ക മുടിയുമാ..” പറഞ്ഞു തീരും മുമ്പേ ബാലമുരുകന്റെ വാക്കുകളിടറി, കണ്ണുകള്‍ നിറഞ്ഞു. ദ്രാവിഡ നായകന് കലൈഞ്ജർ കരുണാനിധിയുടെ വേര്‍പാടില്‍ കോഴിക്കോട് തമിഴ്മക്കളും ദു:ഖിതരാണ്.പലരും കൂലി വേലയ്ക്കു പോലും ഇന്നലെ എത്തിയിട്ടില്ല.
പതിവിലും നേരത്തെ ഇന്ന് നഗരത്തിലെത്തി “ദിനകരൻ’ പത്രം വാങ്ങിയാണ് പലരും തങ്ങളുടെ സ്വന്തം നേതാവ് കലൈജ്ഞറെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചത്. പത്രം വായിക്കുന്നതിനിടെ പലരുടേയും കണ്ണുകള്‍ നിറഞ്ഞിരുന്നു. കലൈജ്ഞറുടെ വേര്‍പാട് താങ്ങാവുന്നതിലും വലുതാണെന്ന് പഴനി സ്വദേശിയായ ബാലമുരുകൻ പറഞ്ഞു.
നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയില്ലെന്നതിനാലാണ് പോകാത്തതെന്നും ബാലമുരുകൻ പറഞ്ഞു. പത്തു വര്‍ഷമായി കോഴിക്കോട് ആനക്കുളത്ത് താമസിക്കുന്ന ബാലമുരുകന് കലൈജ്ഞറെ കുറിച്ച് പറയാന്‍ വാക്കുകളേറെ.
പാവപ്പെട്ടവന്റെ മനസറിഞ്ഞ രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്നും തമിഴുമക്കള്‍ക്ക് ടിവിയും സൈക്കിളും ഗ്യാസ് സ്റ്റൗവും എല്ലാം അദ്ദേഹം സൗജന്യമായി നല്‍കിയിരുന്നുവെന്നും ബാലമുരുകൻ പറഞ്ഞു. കരുണാനിധി ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ തന്നെ നാട്ടില്‍ പോകാനിരുന്നതാണെന്നും മരണത്തില്‍ ഏറെ വിഷമമുണ്ടെന്നും പഴനി സ്വദേശിയായ ജയറാം പറഞ്ഞു.
വാര്‍ത്തകളിലൂടെ കലൈഞ്ജറെ കുറിച്ച് എഴുതിയ വാക്കുകള്‍ ഒപ്പമുള്ളവര്‍ക്ക് വായിച്ചുകൊടുത്താണ് ജയറാം അദ്ദേഹത്തെ അനുസ്മരിച്ചത്. കരുണാനിധിയുടെ മരണം സംഭവിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വാട്സ് ആപ്പ് വഴിയും നാട്ടില്‍ നിന്നു ബന്ധുക്കള്‍ വഴിയും വിവരമറിഞ്ഞിരുന്നു.
മരണശേഷം സംസ്കാരവുമായി ബന്ധപ്പെട്ടുള്ള വിവാദവും തുടര്‍ന്ന് ഹൈകോടതി ഉത്തരവുമെല്ലാം ഇവര്‍ തത്സമയം അറിഞ്ഞുകൊണ്ടിരുന്നു. മറീനാ ബീച്ചില്‍ തന്നെ കലൈഞ്ജറുടേയും സംസ്കാരം നടത്തണമെന്നാണ് ഇവരുടേയും ആഗ്രഹം.