കൊല്ലം : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രാഖ്യാപിച്ചതോടെ ജില്ലയിലെ കേരള തമിഴനാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പാല് പരിശോധന കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും നിലച്ചു.
ഇതോടെ തമിഴ്നാട്ടില്‍ നിന്നും അടക്കം വരുന്ന പാല് യാതൊരുവിധ പരിശോധനയും കൂടാതെ അതിര്‍ത്തി കടന്നു കേരളത്തിലേക്ക് എത്തുകയാണ്. കോവിഡ് 19 മായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പാല് പരിശോധന കേന്ദ്രം അധികൃതര്‍ അടച്ചുപ്പൂട്ടിയത്.
അതിര്‍ത്തിയിലെ തന്നെ എക്സൈസ്, വനം അടക്കം മറ്റ് ചെക്പോസ്റ്റുകൾ പ്രവർത്തിക്കുമ്പോഴാണ് സമാനമായി തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ക്ഷീര വികസന വകുപ്പിന്റെ പാല് പരിശോധന കേന്ദ്രം അടച്ചുപൂട്ടി മാസങ്ങള്‍ കഴിയുമ്പോഴും തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത്.
സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വാഹനങ്ങള്‍ എത്താതായതോടെ നിര്‍ത്തിവച്ച മറ്റ് ചെക്ക് പോസ്റ്റുകള്‍ ചരക്ക് വാഹനങ്ങള്‍ എത്തിത്തുടങ്ങിയതോടെ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു.
ഇക്കാര്യം വകുപ്പ് മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ രാജുവിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നുവെങ്കിലും ഏപ്രില്‍ അവസാനത്തോടെ പാല് പരിശോധന കേന്ദ്രം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് രണ്ടുമാസം കഴിയുമ്പോഴും നടപടി വാക്കില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്.