ന്യൂഡൽഹി: തമിഴ്നാട് വിജയ് ഹസാരെ ട്രോഫി ജേതാക്കൾ. ബംഗാളിനെ 37 റണ്‍സിന് തകർത്താണ് തമിഴ്നാട് വിജയ് ഹസാര ട്രോഫിയിൽ മുത്തമിട്ടത്. തമിഴ്നാട് ഉയർത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗാളിൽ 180 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. സെഞ്ചുറി നേടിയ നായകൻ ദിനേശ് കാർത്തികിന്റെ പ്രകടനമായിരുന്നു തമിഴ്നാട് ഇന്നിംഗ്സിന്റെ നട്ടെല്ല്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത തമിഴ്നാടിനായി സെഞ്ചുറി നേടിയ കാർത്തിക്കും(120 പന്തിൽ 112) 32 റണ്‍സ് നേടിയ ഇന്ദ്രജിത്തും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റാരും തമിഴ്നിരയിൽ തിളങ്ങിയില്ല. ബംഗാളിനായി ഇന്ത്യൻ താരം മുഹമ്മദ് ഷമി 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റും അശോക് ദിൻഡ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാൾനിരയിൽ 58 റണ്‍സെടുത്ത സുദിപ് ചാറ്റർജിക്കു മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. മനോജ് തിവാരി(32), അനുസ്തുപ് മൻജുംദാർ(24), ആമിർ ഗനി(24), ശ്രീവത്സ് ഗോസ്വാമി(23) എന്നിവർക്കു മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തമിഴ്നാടിനായി അശ്വിൻ ക്രിസ്റ്റ്, മുഹമ്മദ്, റനിൽ ഷാ എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.