കൊല്ലം: ചെങ്കോട്ട-കൊല്ലം റൂട്ടിൽ കഴിഞ്ഞ 10 മാസമായി സർവീസ് നടത്തുന്ന ചെന്നൈ താംബരം-തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) എസി എക്സ്പ്രസ് സര്‍വീസ് അവസാനിപ്പിച്ചേക്കും. സര്‍വീസ് വീണ്ടും നീട്ടിക്കൊണ്ടുള്ള റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ ഏപ്രില്‍ നാലിനുശേഷം ഈ ട്രെയിനും പഴങ്കഥയാകും.
2024 ഏപ്രില്‍ മുതല്‍ എല്ലാ വെള്ളിയാഴ്ചയും സ്പെഷല്‍ പ്രതിവാര സര്‍വീസായാണ് ഈ ട്രെയിന്‍ ഓടുന്നത്. ഇത് സ്ഥിരമാക്കണമെന്ന് യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് സര്‍വീസ് അവസാനിപ്പിക്കുന്നത്. കൊല്ലം-ചെങ്കോട്ട പാത മീറ്റര്‍ഗേജില്‍ നിന്ന് ബ്രോഡ്ഗേജായി മാറിയതോടെ സര്‍വീസ് നടത്തിയിരുന്ന പല ട്രെയിനുകളും പിന്നീട് ഓടാതായി.
ഇതിനെതിരേ കൊല്ലം, മാവേലിക്കര എംപിമാര്‍ക്ക് അടക്കം യാത്രക്കാരുടെ സംഘടനകൾ നിവേദനം നൽകിയെങ്കിലും നാളിതുവതരയും ഫലം കണ്ടില്ല. റെയില്‍വേ മന്ത്രിക്ക് നിവേദനം കൊടുത്തുവെങ്കിലും അനുകൂല നിലപാടോ മറുപടിയോടെ ഇതുവരെ ലഭിച്ചിട്ടുമില്ല. മീറ്റര്‍ഗേജ് കാലത്ത് ചെങ്കോട്ട-പുനലൂര്‍-കൊല്ലം പാതയിലൂടെ രണ്ട് ചെന്നൈ സര്‍വീസ് ഉണ്ടായിരുന്നു. 2018ല്‍ പത ബ്രോഡ്ഗേജാക്കി കമ്മീഷന് ചെയ്തതോടെ ചെന്നൈയിലേക്ക് ക്വയിലോണ്‍ മെയില്‍ മാത്രമായി ചുരുങ്ങി.
രണ്ടാമത്തെ ട്രെയിന്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. ഇതിനിടെയാണ് താംബരത്തുനിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്ക് എസി പ്രതിവാര എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ഇത് സ്ഥിരമാക്കുമെന്ന പ്രതീക്ഷയാണ് യാത്രക്കാര്‍ക്ക് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ പ്രതിവാര ട്രെയിന്‍ നീട്ടാന്‍പോലും റെയില്‍വേ നടപടിയുണ്ടാകുന്നില്ല.
റെയില്‍വേക്കു വലിയ വരുമാനമാണ് സര്‍വീസിലൂടെ ലഭിച്ചിരുന്നത്. എന്നിട്ടും ഇത് സ്ഥിരമാക്കാനോ താത്കാലികമായി നീട്ടാനോ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് ചെന്നൈയിലേക്കും തിരികെയും വന്നുപോകാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ട്രെയിനാണിത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാരാണ് കൂടുതല്‍ ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. കൊച്ചുവേളി, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍നിന്ന് ധാരാളം യാത്രക്കാര്‍ ഈ ട്രെയിനില്‍ കയറുന്നു. മിക്കപ്പോഴും കോച്ചുകൾ എല്ലാം പൂർണമായും റിസർവ്ഡ് ആണ്.
മധുര, തിരുച്ചിറപ്പള്ളി വൃദ്ധാചലം, ശ്രീരംഗം, വില്ലുപുരം, താംബരം ഉള്‍പ്പെടെ തമിഴ്നാട്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് യാത്രചെയ്യാന്‍ ഏറ്റവും ഗുണകരമായി ഉപയോഗിക്കാവുന്ന സര്‍വീസാണിത്. ട്രെയിൻ സർവീസ് ദീർഘിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓൺ റെയിൽസ് സംഘടനാ ഭാരവാഹികൾ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് അടിയന്തരമായി നിവേദനം കൈമാറി.
- സ്വന്തം ലേഖകൻ