കൊച്ചി: മലയാള സിനിമയ്ക്ക് ആക്ഷൻ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ട്രെൻഡിന് തുടക്കമിട്ട സംവിധായകനാണ് തന്പി കണ്ണന്താനം. രാജാവിന്റെ മകൻ മുതൽ ഒന്നാമൻ വരെ പത്തോളം ആക്ഷൻ ഹിറ്റ് ചിത്രങ്ങൾ. എല്ലാം ഒന്നിനൊന്ന് മെച്ചം.
കഥാഗതിയിലും ആഖ്യാനത്തിനും രസച്ചരട് മുറുകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമകളും. അതുകൊണ്ടുതന്നെ ആദ്യ കാഴ്ചയുടെ ത്രസിപ്പിക്കുന്ന അനുഭവത്തോടെയാണ് വീണ്ടും വീണ്ടും പ്രേക്ഷകർ ആ സിനിമകൾ കാണുന്നത്.
പഠനത്തിനുശേഷം ബിസിനസ് മോഹവുമായി മദ്രാസിലേക്കു വണ്ടി കയറിയ തന്പി കണ്ണന്താനം സംവിധായകൻ ശശികുമാറിന്റെ അടുത്തെത്തിയതോടെയാണ് സിനിമാ മേഖലയിലേക്കുള്ള വഴിതിരിഞ്ഞത്. തന്പിയുടെ കഴിവുകളെ മനസിലാക്കിയ ശശികുമാർ തന്റെ അസിസ്റ്റന്റായി ഒപ്പം കൂട്ടി. ഇവിടെവച്ചാണ് ജോഷിയെ പരിചയപ്പെടുന്നത്.
ഒട്ടു മിക്ക പ്രമുഖ സംവിധായകർക്കൊപ്പം സഹസംവിധായകനായിരുന്നു. ഒട്ടേറെ പ്രതീക്ഷകളോടെ സ്വതന്ത്ര സംവിധാനത്തിലേക്ക് വരുന്പോൾ കൈയ്പേറിയ അനുഭവങ്ങളായിരുന്നു സ്വീകരിക്കാനുണ്ടായിരുന്നത്.
പ്രേംനസീറിനെ നായകനായി 1983 ൽ പാസ്പോർട്ട് എന്ന സിനിമ സംവിധാനം ചെയ്തിറക്കുന്പോൾ മലയാള സിനിമയിലെ ഹിറ്റ് മേക്കറുടെ മേക്ക് ഓവറൊന്നും അന്നുണ്ടായില്ല. സിനിമ വൻ പരാജയമായിരുന്നു. അതേ വർഷം തന്നെ എംജി സോമനെ നായകനായി താവളം ഒരുക്കിയപ്പോഴും ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞു. മോഹൻലാൽ ഉൾപ്പടെയുള്ള വൻതാരനിര ആ സിനിമയിലുണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ’ആ നേരം അല്പദൂരം’ ഇറക്കിയപ്പോഴും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല.
ആദ്യ മൂന്ന് സിനിമകളും പരാജയമായിരുന്നെങ്കിലും പിന്നോട്ട് പോകാൻ ഒരുക്കമായിരുന്നില്ല തന്പി കണ്ണന്താനം. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സമ്മാനിക്കുന്നതിനുള്ള വഴിയൊരുക്കലായിരുന്നു ആ പരാജയങ്ങൾ. 1986 ൽ രാജാവിന്റെ മകൻ റിലീസ് ചെയ്തതോടെ സൂപ്പർഹിറ്റ് സിനിമാ സംവിധായകരുടെ പട്ടികയിലേക്ക് തന്പി കണ്ണന്താനം എന്ന പേരുകൂടി കൂട്ടിച്ചേർക്കപ്പെട്ടു.
അനിൽ തോമസ്